
തിരുവനന്തപുരം: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ അന്വേഷണ കമ്മിറ്റി വേണമോയെന്ന് സി പി എം സംസ്ഥാന ഘടകത്തിന് താരുമാനിക്കാമെന്ന് കേന്ദ്ര നേതൃത്വം. തെറ്റ് തിരുത്തൽ രേഖയിൽ വിട്ടുവീഴ്ച വേണ്ടെന്നും സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
അതിനിടെ വൈദേഹം ആയൂർവേദ റിസോർട്ടിൽ ജയരാജന് പങ്കാളിത്തമില്ലെന്നാണ് കണ്ണൂരിലെ വൈദേഹം റിസോർട്ട് സി ഇ ഒ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്. റിസോർട്ടിൽ ജയരാജന്റെ മകൻ ജയ്സണ് രണ്ട് ശതമാനം ഓഹരിയുണ്ട്. ഇ പിയുടെ ഭാര്യ ഇന്ദിരയ്ക്കും നിക്ഷേപമുണ്ട്. പഴയ എം ഡിയാണ് വിവാദങ്ങൾക്ക് പിന്നിൽ. ഇതാരാണെന്ന് രണ്ട് ദിവസത്തിനകം വെളിപ്പെടുത്തുമെന്നും സി ഇ ഒ വ്യക്തമാക്കി.
'ദൈനംദിന കാര്യങ്ങളിൽ ഇ പിയോ മകനോ ഇടപെടാറില്ല. മാദ്ധ്യമശ്രദ്ധയ്ക്കാണ് അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. വിവാദത്തിൽ ഇ പിയ്ക്ക് ബേജാറാകാൻ ഒന്നുമില്ല. അദ്ദേഹത്തിന് ഒത്തുകളിക്കാൻ ഒന്നുമില്ല. വിവാദങ്ങൾ ചില്ല് കൊട്ടാരം പോലം പൊട്ടിപ്പോകും.' സി ഇ ഒ പറഞ്ഞു.
അതേസമയം, ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം ഇഡി അന്വേഷിക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഭരണത്തിന്റെ തണലിൽ സി പി എമ്മിന്റെ നേതാക്കൾ ഇഷ്ടക്കാരുടെ പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജയരാജന്റെ ഭാര്യ ഇന്ദിരയുടെയും മകൻ ജയ്സണിന്റെയും സാമ്പത്തിക ഉറവിടത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. പാർട്ടി അന്വേഷണമല്ല വേണ്ടത്. പാർട്ടിക്കകത്ത് അന്വേഷിച്ച് എല്ലാം ഒതുക്കിതീർക്കുകയാണ് സി പി എം എല്ലായിപ്പോഴും ചെയ്യുന്നത്. ഇതുവഴി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.