
ഭോപ്പാൽ: തന്റെ നിയോജക മണ്ഡലത്തിലെ റോഡുകൾ നന്നാക്കുന്നത് വരെ ചെരിപ്പ് ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത മദ്ധ്യപ്രദേശിലെ ഊർജ മന്ത്രിയും ഗ്വാളിയോറിൽ നിന്നുള്ള എം എൽ എയുമായ പ്രദ്യുമൻ സിംഗ് റോഡ് വികസനം യാഥാർത്ഥ്യമായതോടെ മൂന്നുമാസത്തിനുശേഷം ചെരിപ്പ് ധരിച്ചുതുടങ്ങി. കഴിഞ്ഞദിവസം ഗ്വാളിയോറിലെത്തിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പ്രദ്യുമൻ സിംഗിനെ ചെരിപ്പ് ധരിപ്പിച്ചത്.
ഒക്‌ടോബർ 20ന് പ്രദ്യുമൻ സിംഗ് നടത്തിയ പരിശോധനയിലാണ് തന്റെ മണ്ഡലത്തിലെ റോഡുകൾ മോശമാണെന്ന് കണ്ടെത്തിയത്. മണ്ഡത്തിലെത്തിയ മന്ത്രിയോട് റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ജനങ്ങൾ കൂട്ടമായെത്തി പരാതി പറയുകയും ചെയ്തു. ഇതോടെയാണ് റോഡുകൾ പൂർണമായി നന്നാക്കാതെ താൻ ചെരുപ്പ് ധരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തത്. അവിടെവച്ചുതന്നെ ചെരിപ്പുകൾ ഉപേക്ഷിക്കുകയും ചെയ്തു.
മന്ത്രിയുടെ ശപഥം വാർത്തയായതോടെ അറ്റകുറ്റപ്പണികൾ വളരെവേഗം ആരംഭിക്കുകയും റെക്കാഡ് വേഗത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. മണ്ഡലത്തിലുടനീളം സഞ്ചരിച്ച് റോഡുകൾ ഒന്നും കുഴപ്പമില്ലെന്ന് വ്യക്തമായതോടെയാണ് ശപഥം അവസാനിപ്പിച്ച് ചെരുപ്പ് ധരിക്കാൻ തീരുമാനിച്ചത്. റോഡുകൾ നന്നാക്കിയതിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമർ എന്നിവർക്ക് മന്ത്രി നന്ദി പറയുകയും ചെയ്തു.