jayarajan

സാമ്പത്തിക ആരോപണം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെതിരെയാണെങ്കിലും ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണൻ. പിണറായിയുടെ മകളുടെയും മകന്റെയും പേരിൽ കോടിക്കണക്കിന് സ്വത്തുണ്ടെന്നും ഇതിനെക്കുറിച്ചും അന്വേഷണം വേണ്ടെയേന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.


ഇ പി ജയരാജനായാലും പിണറായി വിജയൻ ആയാലും ജീവിതത്തിൽ ഒരു പണിയും ചെയ്തിട്ടില്ലെന്നും, രാഷ്ട്രീയം മാത്രമാണ് ആകെ അറിയുന്ന ജോലിയെന്നും കുറിപ്പിൽ പറയുന്നു. രണ്ട് ജയരാജന്മാർ തമ്മിലുള്ള തർക്കം കണ്ണൂർ സി പി എമ്മിലെ വിള്ളലാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇ പി ജയരാജന്റെ നേരെയാണ് പി ജയരാജൻ അസ്ത്രം നീട്ടിയിരിക്കുന്നത് എന്നത് ശരിയാണെങ്കിലും

ലക്ഷ്യം പിണറായി തന്നെ

ഇ പി ജയരാജൻ അഴിമതിക്കാരൻ. അനധികൃതമായി 30 കോടിയിലേറെ രൂപ സമ്പാദിച്ചു. ആ പണം മകന്റെയും ഭാര്യയുടെയും പേരിൽ ആയുർവേദ റിസോർട്ടിൽ നിക്ഷേപിച്ചു. തെളിവുകൾ തന്റെ കൈവശം ഉണ്ട്. അതുകൊണ്ടു അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്ന് പി ജയരാജൻ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടു. എഴുതി തന്നാൽ അന്വേഷിക്കാമെന്നു എം വി ഗോവിന്ദൻ പറയുകയും ചെയ്തു. പക്ഷെ 100 കോടിയിലേറെ രൂപയുടെ സ്വത്ത് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ പേരിലുണ്ടല്ലോ. അതിനെക്കുറിച്ച് അന്വേഷണം വേണ്ടെ? പിണറായിയുടെ മകന്റെ പേരിലും സ്വത്തുണ്ട്.

പിണറായിയും ഇ പി ജയരാജനും ജീവിതത്തിൽ ഒരു പണിയും ചെയ്തിട്ടില്ല. ആകെ അറിയാവുന്ന തൊഴിൽ രാഷ്ട്രീയം മാത്രമാണ്. വിപ്ലവം, വർഗ സമരം, തൊഴിലാളിവർഗ സർവാധിപത്യം, ജനാധിപത്യം, സെക്കുലറിസം, കുലംകുത്തി, അടവുനയം എന്നിങ്ങനെയുള്ള കുറെ വാക്കുകളെ ഉപയോഗിച്ച് കുറെ പേരെ കൊലപാതകികളും വേറെ കുറച്ചുപേരെ രക്തസാക്ഷികളും ആക്കി മാറ്റി എന്നതാണ് ഇവരുടെ സംഭാവന. ഈ രണ്ടു മാന്യന്മാരുടെയും പൊതു ജീവിതം എന്നാൽ പൊതുചിലവിലുള്ള ജീവിതം എന്നാണ് അർഥം. പൊതുചിലവിലാണ് ഈ രണ്ടു മാന്യന്മാരും ഇക്കാണായ സ്വത്തു ഒക്കെ സമ്പാദിച്ചത്. ഈ സ്വത്തു സമ്പാദനത്തിനാണ് ഇവർ ജനസേവനം എന്ന് പറയുന്നത്.

അതുകൊണ്ട്, ജയരാജൻ തെറ്റുകാരൻ ആണെങ്കിൽ പിണറായിയും തെറ്റുകാരൻ തന്നെ. ജയരാജന് എതിരെ അന്വേഷണം ആകാമെങ്കിൽ പിണറായിക്കു എതിരെയും അന്വേഷണം വേണം എന്ന് സാരം. അപ്പോൾ, ഇ പി ജയരാജന്റെ നേരെയാണ് പി ജയരാജൻ അസ്ത്രം നീട്ടിയിരിക്കുന്നത് എന്നത് ശരിയാണെങ്കിലും അതിന്റെ ലക്ഷ്യം പിണറായിയാണ് എന്ന കാര്യം ശ്രദ്ധേയം. ജയരാജനും ജയരാജനും തമ്മിലുള്ള തർക്കം യഥാർത്ഥത്തിൽ സി പി എം കണ്ണൂർ ഗാംഗിൽ ഉണ്ടായിട്ടുള്ള വിള്ളലിനെയാണ് സൂചിപ്പിക്കുന്നത്. വിജയന്റെ നേതൃത്വത്തിൽ കണ്ണൂർ സഖാക്കൾ ഉരുക്കുകോട്ട പോലെയാണ് നിന്നിരുന്നത്. വിജയന്റെ നേതൃത്വത്തെ ചോദ്യം ചെയ്യാൻ കണ്ണൂരിൽ നിന്ന് തന്നെ ആളുണ്ടായിരിക്കുന്നു. ഗോവിന്ദൻ വിജയനെ വെട്ടിനിരത്തും; വിജയൻ വി എസിനെ വെട്ടിനിരത്തിയത് പോലെ. അതാണ് കാവ്യ നീതി. അസുരഗണം തമ്മിലടിച്ചു നശിച്ചത് പോലെ ഇവരും നശിക്കും. അതാണ് കമ്മ്യൂണിസ്റ്റു ചരിത്രം. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)