china

ബീജിംഗ്: ചെെന തങ്ങളുടെ രാജ്യത്തിന് ചുറ്റും 71 യുദ്ധ വിമാനങ്ങളും ഏഴ് യുദ്ധക്കപ്പലുകളും നിരത്തിയെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ് വാർഷിക പ്രതിരോധ ബില്ലിൽ തായ്‌വാന് പ്രധാന്യം നൽകിയതിൽ പ്രതിഷേധിച്ചാണ് ചെെനയുടെ ഈ നടപടി. ഇന്നലെയും ഇന്നുമായി ചെെനീസ് വിമാനങ്ങൾ തായ്‌വൻ സമുദ്രാതിർത്തി മറികടന്നതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച പാസാക്കിയ യുഎസ് വാർഷിക പ്രതിരോധ ബില്ലിൽ തായ്‌വാനുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലുള്ള അമർഷത്തിന്റെ ഭാഗമായാണ് ചെെനയുടെ സെെനിക നീക്കം. തായ്‌വാനുമായുള്ള സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാതായിരുന്നു അമേരിക്കയുടെ ബില്ല്.

ഞായറാഴ്ച രാവിലെ ആറിനും തിങ്കളാഴ്ച രാവിലെ ആറിനും ഇടയിൽ 47 ചെെനീസ് വിമാനങ്ങൾ തായ്‌വാൻ കടലിടുക്കിന്‍റെ അനൗദ്യോഗിക അതിർത്തി കടന്നുപോയതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം പറയുന്നു. കര അധിഷ്ഠിത മിസെെൽ സംവിധാനങ്ങളിലൂടെയും സ്വന്തം നാവികസേനാ കപ്പലുകളിലൂടെയും ചെെനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരുന്നതായി തായ്‌വാൻ അറിയിച്ചു.

ഇപ്പോഴത്തെ യുഎസ്-തായ്‌വാൻ ബന്ധത്തിനും പ്രകോപനത്തിനുമുള്ള ഉറച്ച പ്രതികരണമാണിതെന്നാണ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തിയേറ്റ‌ർ കമാൻഡിന്റെ വക്താവ് ഷി യി പറഞ്ഞത്. തായ്‌വാനു ചുറ്റുമുള്ള സമുദ്രത്തിൽ ചെെനീസ് സേന സംയുക്ത യുദ്ധ പട്രോളിംഗും സംയുക്ത സ്‌ട്രെെക്ക് ഡ്രില്ലുകളും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

തായ്‌വാൻ സ്വയം ഭരണ പ്രദേശമെന്ന് അവകാശപ്പെടുമ്പോഴും തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണ് തായ്‌നാനെന്നാണ് ചെെനയുടെ വാദം. വർഷങ്ങളായി തായ്‌വാനെ തങ്ങളുടെ വിശാല സാമ്രാജ്യത്തിന്റെ ഭാഗമാക്കാൻ ചെെന ശ്രമിക്കുന്നുണ്ട്.