doctor

ഒന്നാംലോക മഹാ കൊവിഡ് കാലം!

മാസ്‌കും സാമൂഹ്യ അകലവും സാനിറ്റൈസറും ട്രിപ്പിൾ ലോക്ഡൗണും റൂട്ട്മാപ്പും ഡെയ്‌ലി വാർത്താസമ്മേളനവും കണ്ടെയ്ൻമെന്റ് സോണും സ്രവ പരിശോധനയും സമ്പർക്കവുമൊക്കെ അരങ്ങുവാഴുന്ന മഹാമാരിക്കാലം!

ഒരു കൊച്ചു ടൗണിൽ ഒരു കൊച്ചു ജ്യോത്സ്യനും എം.ബി.ബി.എസ് ബിരുദമുള്ള ഒരു കൊച്ചു ഡോക്ടറും ജാതകവശാലോ വിധി വൈപരീത്യത്താലോ ഒരേകെട്ടിടത്തിൽ അടുത്തടുത്ത മുറികളിൽ പ്രാക്ടീസ് ചെയ്തിരുന്നതാണ് കഥാസന്ദർഭം !

കൊവിഡായിട്ടും ജ്യോത്സ്യന് നിത്യവൃത്തിയ്ക്കുള്ള ഇരകളെ കിട്ടുമായിരുന്നു. എന്നാൽ ഡോക്ടർക്ക് സ്‌റ്റെതസ്‌കോപ്പ് കണിവയ്ക്കാൻ പോലും രോഗികളില്ലാത്ത അവസ്ഥ!

പൂർവകൊവിഡ് കാലത്ത് തിരിച്ചായിരുന്നു , ഡോക്ടർക്ക് നല്ല പോളിംഗ് , ജ്യോത്സ്യന് അത്ര പോര ! മാസ്‌കും സാമൂഹ്യ അകലവും പാലിച്ച് പുറത്തിറങ്ങുന്നവർക്ക് ഏറിയാൽ ഒരു തുമ്മൽ ! അത്ര തന്നെ. എന്നാൽ തങ്ങളുടെ ഭാവിയെന്താകുമെന്ന് വീട്ടിലിരുന്നാലോചിച്ച് ഓക്സിജന്റെ അളവു കുറഞ്ഞവർ പുറത്തുചാടി അകലം പാലിക്കാതെ ജ്യോത്സ്യനെ സ്ഥിരമായി കണ്ടുകൊണ്ടിരുന്നു !

ഡോക്ടർ വളരെ അസ്വസ്ഥനായി. ശൃംഗാരവും ഹാസ്യവും ഒഴിച്ച് മറ്റെല്ലാ രസഭാവങ്ങളും ഡോക്ടറുടെ മുഖത്ത് മാറിമറിഞ്ഞു.

ഡോക്ടർ ധ്യാനനിരതനായി. എം.ബി.ബി.എസ് പാസാകാനുള്ള ബുദ്ധി ഉപയോഗിച്ച് ഈ കെട്ടകാലം മറികടക്കാൻ തനിയ്ക്കാകണമേ എന്ന് പരമ്പര ദൈവങ്ങളെയും ആധുനിക ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് മണിക്കൂറുകളോളം ക്വാറന്റെയിനിൽ ഇരുന്നു !

അനന്തരം ഡോക്ടർക്ക് വെളിപാടുണ്ടായി !

ക്ലീനിക്കിന്റെ മുമ്പിൽ പുതിയ ബോർഡ് വെച്ചു.

''ജന്മനക്ഷത്രം അനുസരിച്ച് ചികിത്സ.''

ഓരോ നാളിനും അനുയോജ്യമായ രീതിയിൽ മരുന്ന് കുറിക്കുന്നു. പുതുക്കിയ സിലബസിൽ സംഭവമുണ്ടെന്ന് ആരോ പറഞ്ഞു !

ആദ്യമൊന്ന് പകച്ചെങ്കിലും ആളുകൾക്ക് താത്പര്യം വർദ്ധിച്ചുവന്നു.

ആദ്യ രോഗി.

''എന്താ പ്രശ്നം പറഞ്ഞോളൂ....''

ഈ നൂതന സംരംഭത്തിൽ ഡോക്ടർ സംസാരത്തിന് അൽപ്പം നമ്പൂതിരി ശൈലികൂടി വരുത്തി. ഒറിജിനലിന്റെ ആ ഒരു ഫീൽ കിട്ടണമല്ലോ !

''പഞ്ചസാര കുറയുന്നില്ല. മരുന്നുകൾ കഴിക്കുന്നുണ്ട്.'' രോഗി.

''ഏതാ നക്ഷത്രം?''

''ഭരണി.''

''കണ്ടാലും പറയും! ഭരണി നിറയ്ക്കുന്നതു പോലെയായിരിക്കും ശാപ്പാട്, അല്ല്യേ?''

സംഗതി ഡോക്ടർ കണ്ടുപിടിച്ചു കളഞ്ഞല്ലോ എന്ന മട്ടിൽ ചമ്മിയ ചിരിയോടെ രോഗി!.

''മേടക്കൂറാണ്. ലഗ്നത്തിൽ ഗുളികൻ.....
സാരല്യ.....മിതമായി ആഹാരം കഴിക്കുക, ശ്ശി വ്യായാമ മുറകൾ അങ്ങട് ചെയ്യുക, നന്നായിട്ട് ഉറങ്ങുക....... ഈ മരുന്നുകൾ സേവിക്കുക .......പഞ്ചസാര ഭരണിയിൽ നിന്നും സംക്രമിക്കും...
ഭേദായിക്കൊള്ളും ട്ടോ......''

രോഗി അഞ്ഞൂറിന്റെ നോട്ട് സമർപ്പിച്ചു.

ഡോക്ടറുടെ കണ്ണുതള്ളി! ഡോക്ടർ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ഫീസ്!

''അടുത്തയാൾ കടന്നുവരിക..... എന്താ പ്രശ്നം?''

''കക്കൂസിൽ ഇരിക്കുമ്പോൾ ഭയങ്കര വേദന.''

ഡോക്ടർ വിശദമായി പരിശോധിച്ചു.

''ഏതാ നക്ഷത്രം?''

''മൂലം.''

''നക്ഷത്രം മൂലമായതുകൊണ്ട് പൈൽസ് ആണെന്നു കരുതിയോ? വിഡ്ഢി! (ഏഭ്യനെന്നാണ് ആദ്യം വായിൽ വന്നത്!) ......
ചന്ദ്രന്റെ രണ്ടാം ഭാവത്തിൽ കുജൻ നിൽക്കുന്നതു കൊണ്ടും നിങ്ങൾ ദാനശീലനായതുകൊണ്ടും നാരുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക, സമയാസമയം ഭക്ഷിക്കുക, പുറമേ നിന്നുള്ള ആഹാരം വർജ്ജിക്കുക, ധാരാളം പഴച്ചാറുകൾ... ഈ മരുന്നുകൾ അങ്ങട് സേവിക്കുക.... ഭേദാവും ട്ടോ!''

രോഗി രണ്ടായിരത്തിന്റെ നോട്ട് വച്ചുതൊഴുതു. ദാനശീലനാണല്ലോ !

അങ്ങനെ ഡോക്ടറിന് പ്രാക്ടീസ് തകൃതിയായി വർദ്ധിച്ചുവന്നു. കൊവിഡ് കത്തിനിൽക്കുമ്പോഴും ഡോക്ടറെ കാണാൻ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുവരെ രോഗികൾ വന്നു കൊണ്ടിരുന്നു !

''ഡോക്ടർ.... എന്റെ മകൾക്ക് സിസേറിയൻ പറഞ്ഞിരിക്കുകയാണ്. ഏതു നാളായിരിക്കും അഭിവൃദ്ധിയ്ക്ക് നല്ലത്....? ''

ഡോക്ടർ മെഡിക്കൽ റെക്കോഡുകളൊക്കെ സസൂക്ഷ്മം പരിശോധിച്ചതിനുശേഷം പറഞ്ഞു.

''ഒരു പ്രാണൻ എപ്പോഴാണ് ഭൂസ്പർശം ചെയ്യേണ്ടതെന്ന് വിധിദാതാവ് നേരത്തേ കല്‌പിച്ചിട്ടുണ്ട്. അതിനെ ലംഘിക്കാനോ മാറ്റിമറിക്കാനോ ഞാൻ ആളല്ല..... എന്നാലും നിങ്ങളിത്രയും ദൂരം വന്ന സ്ഥിതിയ്ക്ക് നമുക്ക് ഒരു തിരുവാതിര തന്നെ തരപ്പെടുത്താം.....എന്തേ ? ''

ബെൻസ് കാറിൽവന്ന കക്ഷികൾ ഡോക്ടറിന് എത്ര കൊടുത്തുകാണുമെന്ന് ഊഹിക്കാമല്ലോ !

ജന്മനക്ഷത്രം മാത്രമല്ല, ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ട തീയതി, ഡിസ്ചാർജ് ചെയ്യേണ്ട തീയതി, ഓപ്പറേഷൻ തീയതി, രോഗി താമസിക്കുന്ന വീടിന്റെ വാസ്തു തുടങ്ങിയ പല മേഖലകളിലേക്കും ഡോക്ടർ വൈദ്യശാസ്ത്രത്തെ കൈവിടാതെതന്നെ സഞ്ചരിച്ചു.

പക്ഷേ കുജൻ പെട്ടെന്ന് ശനിയിലേയ്ക്ക് സംക്രമിച്ചു ........

അന്നൊരു കറുത്ത വാവായിരുന്നു.

ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും ഡോക്ടറെ കാണാൻ അവസാനത്തെ ഊഴത്തിന് കാത്തിരുന്ന് മുറിയിൽ കയറി.

''എന്താ പ്രശ്നം? പറഞ്ഞോളൂ..... നേരം ശ്ശി വൈകിയിരിക്കുണൂ.''

''ഡോക്ടർ... ഞങ്ങൾക്കൊരു നരബലി നടത്തിത്തരണം... ആൾ കസ്റ്റഡിയിലുണ്ട്... സമയമൊക്കെ ഡോക്ടർ തീരുമാനിച്ചാൽ മതി...''

ഡോക്ടർ അവരെ മുറിയിലിരുത്തി, പുറകുവശത്തെ വാതിലിലൂടെ
ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നീ നവഗ്രഹങ്ങളെ പിന്നിലാക്കി പാപമോക്ഷ മന്ത്രങ്ങൾ ഉറക്കെ ജപിച്ചു കൊണ്ടോടി ജില്ലയും സംസ്ഥാനവും കടന്ന് ഇപ്പോൾ ഏതോ ഒരജ്ഞാത ഗ്രഹത്തിലാണെന്നാണ് വിവരം!

ലേഖകന്റെ ഫോൺ - 9447055050