
മുടിയിലെ എണ്ണയും അഴുക്കും മാറ്റാനാണ് നമ്മൾ ഷാംപൂ ഉപയോഗിക്കുന്നത്. പുറത്തു നിന്ന് വാങ്ങുന്ന കെമിക്കൽ ഷാംപൂ പലപ്പോഴും നമ്മുടെ മുടിയെ നശിപ്പിക്കുന്നു. മുടി പൊട്ടിപ്പോകാനും പൊഴിച്ചിലുണ്ടാകാനും ഇത് കാരണമാകുന്നു. എന്നാൽ ഷാംപൂ ഉപയോഗിക്കാതിരുന്നാലോ മുടിയിൽ അഴുക്ക് നിറഞ്ഞ് താരൻ വരും. ഇതിനൊരു ശാശ്വത പരിഹാരമാണ് വീട്ടിൽ തന്നെ തയാറാക്കാൻ പറ്റുന്ന ഷാംപൂ. വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഈ ഷാംപൂ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കേട് കൂടാതെ ഇരിക്കും.
ആവശ്യമായ സാധനങ്ങൾ
ഉലുവ- 1 സ്പൂൺ
റീത്തപ്പൊടി- 2 സ്പൂൺ
ശിക്കാക്കായ് പൊടി- 1 സ്പൂൺ
നെല്ലിക്കപ്പൊടി- 1 സ്പൂൺ
ചെമ്പരത്തിയില ഉണക്കിപ്പൊടിച്ചത്- 2 സ്പൂൺ
വെള്ളം- 6 ഗ്ലാസ്
തയാറാക്കുന്ന വിധം
പൊടികളെല്ലാം വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് നാല് മണിക്കൂർ മാറ്റി വയ്ക്കുക. ശേഷം ഇതിനെ പത്ത് മിനിട്ട് നന്നായി തിളപ്പിക്കണം. ചൂടാറിയശേഷം അരിച്ചെടുത്ത് ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക.
ഉപയോഗിക്കേണ്ട വിധം
ഉപയോഗിക്കുന്നതിന് മുമ്പായി ഷാംപൂ ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് തണുപ്പ് മാറാനായി വയ്ക്കുക. തലയിൽ ആവശ്യത്തിന് എണ്ണതേയ്ച്ച് 20 മിനിട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കുളിക്കാവുന്നതാണ്. ഈ ആയുർവേദ ഷാംപൂ വെള്ളത്തിൽ കലർത്തി ഉപയോഗിക്കേണ്ട ആവശ്യമില്ല. നേരിട്ട് ശിരോചർമത്തിലും മുടിയിലും പുരട്ടാവുന്നതാണ്.