rum

തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്തുമസിന് കേരളീയർക്ക് മദ്യത്തിനോട് താൽപ്പര്യം അല്പം കുറഞ്ഞു. ക്രിസ്തുമസ് ദിനത്തിലെ മദ്യവില്പനയിൽ ഇക്കൊല്ലം നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 52.3 കോടിയുടെ മദ്യമാണ് ക്രിസ്തുമസ് ദിനത്തിൽ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇത് 54.82 കോടിയുടേതായിരുന്നു. 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇത് 90.03 കോടിയായിരുന്നു. വില രണ്ട് ശതമാനം കൂടിയതിനുശേഷമുള്ള ആദ്യ ഉത്സവസീസണായിരുന്നു ഇത്. വില കൂടിയതുമൂലമാകാം വില്പന കുറഞ്ഞതെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് എം ഡി എം എ അടക്കമുള്ള ലഹരിമരുന്നുകളുടെ വില്പപനയും ഉപയോഗവും ഇപ്പോൾ വ്യാപകമാണ്.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ക്രിസ്തുമസിന് തൊട്ടടുത്ത ദിവസങ്ങളുടെ കണക്കുകൾ വച്ച് നോക്കിയാൽ മദ്യവില്പന ഈവർഷം കൂടി നിൽക്കുകയാണ്. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളിൽ വിറ്റത്. കഴിഞ്ഞ വർഷം ഇത് 215 .49 കോടിയുടേതായിരുന്നു. റമ്മിനോടായിരുന്നു കൂടുതൽ പേർക്കും താൽപ്പര്യം.

കൂടുതൽ മദ്യംവിറ്റ റെക്കോഡ് ഇത്തവണ കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ്. 68.48 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റിൽ 65.07 ലക്ഷം രൂപയുടെ വിൽപ്പന നടന്നപ്പോൾ ഇരിങ്ങാലക്കുട ഔട്ട്ലെറ്റിൽ 61.41 ലക്ഷം രൂപയുടേതായിരുന്നു വില്പന.

ലോകകപ്പ് ഫൈനൽ ദിനത്തിൽ കേരളത്തിൽ 50 കോടിയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റത്. സാധാരണ മുപ്പതുകാേടിയാണ് ഞായറാഴ്ചകളിലെ മദ്യവില്പന. അതിനെ ബഹുദൂരം പിന്നിലാക്കുകയായിരുന്നു ഫൈനൽ നടന്ന ഞായറാഴ്ച. മലപ്പുറം ജില്ലയിലെ തിരൂർ ഔട്ട്‌ലെറ്റിലാണ് ഫൈനൽ ദിനം കൂടുതൽ മദ്യവില്പന നടന്നത്. 45 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റുപോയത്.