ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ഒരു പ്രതിരോധ ശക്തിയാണ്. ഇന്ത്യയുടെ കര നാവിക വായു സേനകൾ. യുദ്ധകോപ്പുകൾ. അതൊക്കെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉന്നതമായ നിലയിലാണ് ഇപ്പോൾ ഉള്ളതെന്ന് നിസംശയം പറയാം. അപ്പോൾ ബാക്കിയാവുന്ന ഒരു ചോദ്യമുണ്ട്. ഇനി ഒരിക്കൽ കൂടി ഇന്ത്യയുടെ വിമാനം റാഞ്ചാൻ ഒരു ദുഷ്ട ശക്തിക്ക് കഴിയുമോ. ഇന്ത്യയെ ഭീഷണിയുടെ മുൾമുനയിൽ നിർത്തി രസിക്കാൻ കഴിയുമോ. അങ്ങനെ ചിന്തിക്കുന്നതിന് ഒരു കാരണമുണ്ട്. 23 വർഷം മുൻപ് ഇതേ പോലെ ഒരു ഡിസംബറിലായിരുന്നു ഒരു ക്രിസ്തുമസ് തലേന്നായിരുന്നു ഇന്ത്യൻ എയർലൈൻസിന്റെ ഐസി814 വിമാനം ഭീകരർ റാഞ്ചിയത്. കാണ്ഡഹാർ വിമാനം റാഞ്ചൽ എന്ന കറുത്ത അദ്ധ്യായം നടന്നത് അന്നായിരുന്നു.യാത്രക്കാരെ സുരക്ഷിതമായി മോചിപ്പിക്കുന്നതിന് പകരമായി, മൗലാന മസൂദ് അസ്ഹർ ഉൾപ്പെടെ മൂന്ന് ഭീകരരെ മോചിപ്പിക്കാൻ ഭീകരർ നിബന്ധന വച്ചു. അന്നത്തെ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ മൂന്ന് ഭീകരരെ വിട്ടയക്കാന്‍ തീരുമാനിച്ചു. ഇന്ത്യൻ ജയിലുകളിലായിരുന്ന മൗലാന മസൂദ് അസ്ഹർ, മുഷ്താഖ് അഹമ്മദ് സർഗർ, അഹമ്മദ് ഉമർ സയീദ് ഷെയ്ഖ് എന്നിവരെയാണ് കാണ്ഡഹാറിലേക്ക് കൊണ്ടുപോയത്. ഇതിനുശേഷം ഡിസംബർ 31 നാണ് ഭീകരർ യാത്രക്കാരെ വിട്ടയച്ചത്.

india