mahindra

കൊളംബോ: സാമ്പത്തിക ഞെരുക്കത്തിൽ അമരുന്ന ശ്രീലങ്കയ‌്ക്ക് സഹായഹസ്‌തവുമായി ഇന്ത്യ. ശ്രീലങ്കൻ പൊലീസിന് 125 എസ് യു വി കാറുകൾ ഇന്ത്യ കൈമാറി. സഞ്ചരിക്കാൻ ആവശ്യത്തിന് വാഹനമില്ലാതെ കുഴയുന്ന ശ്രീലങ്കൻ പൊലീസിനെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ സഹായഹസ്‌തം. മഹീന്ദ്രയുടെ സ്കോർപ്പിയോ ക്ളാസിക്ക് ആണ് നൽകിയത്.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷ‌ണർ ഗോപാൽ ബാഗ്‌ലെ ശ്രീലങ്കൻ മന്ത്രി ടൈറൻ അല്ലെസിന് 125 വാഹനങ്ങൾ കൈമാറുകയായിരുന്നു. ഇതുകൂടാതെ, 375 എസ്‌ യു വികൾ കൂടി അധികം വൈകാതെ ശ്രീലങ്കയ‌്ക്ക് കൈമാറുമെന്ന് ഗോപാൽ ബാഗ്‌ലെ അറിയിച്ചു.

🇮🇳support to🇱🇰continues!
High Commissioner ceremonially handed over 125 Mahindra SUVs to Hon.Min of Public Security,Tiran Alles for🇱🇰Police 2day.More out of total 500 state of the art SUVs under an existing Line of credit coming soon!Contract ws signed earlier this year🇮🇳🤝🏽🇱🇰 pic.twitter.com/sWTtacuG13

— India in Sri Lanka (@IndiainSL) December 22, 2022

ഭക്ഷണം, ആരോഗ്യം, ഊർജം എന്നീ മേഖലകളിലായി നാല് ബില്യൺ യു എസ് ഡോളറിന്റെ സഹായമാണ് ഇന്ത്യ ശ്രീലങ്കയ‌്ക്ക് നൽകിയിട്ടുള്ളത്. മരുന്നുകൾ, മണ്ണെണ്ണ എന്നിവയുൾപ്പടെയാണിത്. തെറ്റായ രീതിയിലുള്ള ഭരണരീതികളാണ് ശ്രീലങ്കയെ അതിവേഗം കടക്കെണിയിൽ വീഴ്‌ത്തിയത്. രാജപക്‌സെ കുടുംബത്തിന്റെ കൈയിലെ കളിപ്പാവയായിരുന്നു ഒരുഘട്ടത്തിൽ ശ്രീലങ്ക എന്ന രാജ്യം. ഈ അവസരം ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾ ഉപയോഗിക്കുകയും ചെയ്തു. രാജ്യത്തെ അരാജകത്വത്തിലേക്കും പാപ്പരത്തത്തിലേക്കും തള്ളിവിട്ടത് സർക്കാർ കൈക്കൊണ്ട തെറ്റായ നയങ്ങളായിരുന്നു. രാജ്യത്തിന്റെ ജിഡിപിയെക്കാൾ അധികം കടമെടുത്ത സർക്കാരാണ് രാജ്യത്തെ കടക്കെണിയിൽ ആക്കിയത്. ഉയർന്ന പലിശ നിരക്കും കുറഞ്ഞ കാലാവധിയുമുള്ള കടം എടുത്തതും തിരിച്ചടിയായി.

അധികാരം പിടിക്കുന്നതിനായി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഗോതബയ രാജപക്‌സെ നിരവധി വാഗ്ദ്ധാനങ്ങളാണ് നൽകിയത്. വലിയ നികുതിയിളവുകൾ ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാജ്യത്തിന്റെ പ്രാഥമിക വരുമാന സ്രോതസ്സായിരുന്ന ടൂറിസത്തിന് കൊവിഡിൽ കാലിടറിയതോടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകരുകയായിരുന്നു. വിദേശനാണ്യത്തിന്റെ ശോഷണം മൂലം ഇന്ധനമുൾപ്പടെയുള്ള അവശ്യ വസ്തുക്കൾ ഇറക്കുമതി ചെയ്യാനാവാത്തതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്.