-afghan-students-

കാബൂൾ: അഫ്ഗാനിസ്ഥാൻ സർവകലാശാലകളിൽ പെൺകുട്ടികൾക്ക് താലിബാൻ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ആൺകുട്ടികളും അവരുടെ ക്ലാസുകൾ ബഹിഷ്കരിച്ചതായി റിപ്പോർട്ട്. വിദ്യാർത്ഥിനികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കം ചെയ്യുന്നതുവരെ ആൺകുട്ടികൾ ക്ലാസുകളിൽ ഹാജരാകില്ലെന്ന് അറിയിച്ചു.

'രാജ്യത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്ക് മാറ്റിയില്ലെങ്കിൽ ഞങ്ങളും വിദ്യാഭ്യാസം തുടരില്ലെന്ന്' വിദ്യാർത്ഥിയായ മുസാമെൽ പറഞ്ഞു. നമ്മുടെ സഹോദരിമാർക്ക് ലഭിക്കാത്ത വിദ്യാഭ്യാസം ഞങ്ങൾക്കും ഇനി വേണ്ടെന്നും,​ താലിബാൻ നിയമം പുനഃപരിശോധിക്കണമെന്നും മറ്റൊരു വിദ്യാർത്ഥി അറിയിച്ചു. 'ഞങ്ങളുടെ സഹോദരിമാർക്കായി സർവ്വകലാശാലകൾ വീണ്ടും തുറക്കാൻ ഇസ്ലാമിക് എമറേറ്റിനോട് ആവശ്യപ്പെടുമെന്ന്' അദ്ധ്യാപകനായ തൗഫിഖുള്ള അറിയിച്ചു.

അഫ്‌ഗാനിസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാർത്ഥിനികളുടെ ഉന്നത വിദ്യാഭ്യാസം വിലക്കി നിയമം ഇറക്കിയിരുന്നു. ഇത് ആഗോളതലത്തിൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ഉന്നതവിദ്യാഭ്യാസത്തിൽ നിന്ന് വിലക്കിയതിന് പിന്നാലെ സർവകലാശാലകളിൽ പ്രവേശിക്കുന്നതിൽ നിന്ന് നൂറു കണക്കിന് പെൺകുട്ടികളെ താലിബാൻ തടയുകയും ചെയ്തിരുന്നു. നിലവിൽ പഠിക്കുന്നവരെ പുറത്താക്കാനും ഉന്നത വിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകളുടെ വിദ്യാഭ്യാസം നിറുത്തിവയ്ക്കുന്നതായി അറിയിക്കുന്നു എന്നാണ് നദീമിന്റെ ഉത്തരവ്. നടപടിയ്ക്കെതിരെ ഐക്യരാഷ്ട്ര സഭയും അമേരിക്കയും ബ്രിട്ടണും അപലപിച്ചു.

സർവകലാശാലകളിൽ സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്തിയ താലിബാന്റെ നടപടിയെ അമേരിക്ക രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്തുടനീളം ആയിരക്കണക്കിന് പെൺകുട്ടികൾക്കും സ്ത്രീകൾക്കും സർവകലാശാല പ്രവേശന പരീക്ഷ എഴുതാൻ അനുമതി ലഭിച്ച് മൂന്ന് മാസത്തിനുള്ളിലാണ് ഉന്നത വിദ്യാഭ്യാസം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ്. പെൺകുട്ടികൾക്ക് സെക്കൻഡറി സ്‌കൂളുകളിലുള്ള വിലക്ക് മുമ്പ് തന്നെ ഏർപ്പെടുത്തിയിരുന്നു. സെക്കണ്ടറി വിദ്യാഭ്യാസ നിരോധനം താത്കാലികം മാത്രമാണെന്ന് പല താലിബാൻ ഉദ്യോഗസ്ഥരും പറയുന്നുണ്ടെങ്കിലും അടച്ചുപൂട്ടലിന് പല ന്യായീകരണങ്ങളും താലിബാൻ പറയുന്നുണ്ട്. ഫണ്ടിന്റെ അഭാവം മുതൽ ഇസ്ലാമിക രീതിയിൽ സിലബസ് പുനർനിർമ്മിക്കാൻ ആവശ്യമായ സമയം വരെ അതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം അധികാരം പിടിച്ചെടുത്തപ്പോൾ മൃദുവായ ഭരണം വാഗ്ദാനം ചെയ്തിട്ടും താലിബാൻ അന്താരാഷ്ട്ര തലത്തിലുള്ള എതിർപ്പുകൾ അവഗണിച്ച് എല്ലാ മേഖലകളിലും സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.സ്ത്രീകളെ സ്ത്രീ പ്രൊഫസർമാരോ പ്രായമായ പുരുഷന്മാരോ മാത്രമേ പഠിപ്പിക്കാവൂ എന്നും ക്ലാസ് മുറികളും പ്രവേശന കവാടങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം വേർതിരിക്കണമെന്നുമുള്ള നിയമങ്ങൾ നടപ്പിലാക്കാൻ സർവകലാശാലകൾ നിർബന്ധിതരായിരുന്നു.പല സർക്കാർ ജോലികളിൽ നിന്നും സ്ത്രീകളെ പുറത്താക്കി. പുരുഷ ബന്ധുവില്ലാതെ യാത്ര ചെയ്യുന്നതിൽ നിന്നും പെൺകുട്ടികൾക്ക് വിലക്കുണ്ട്. കൂടാതെ വീടിന് പുറത്ത് ബുർഖ നിർബന്ധമാക്കിയിട്ടുമുണ്ട്. നവംബറിൽ, പാർക്കുകൾ, ഫൺഫെയറുകൾ, ജിമ്മുകൾ എന്നിവയിൽ പോകുന്നതും താലിബാൻ നിരോധിച്ചു.