
കൊച്ചി: 2022ൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരിവിപണികളിൽ മുൻനിരസ്ഥാനം നേടി ഇന്ത്യയുടെ എസ് ആൻഡ് പി ബി.എസ്.ഇ സെൻസെക്‌സും (ബോംബെ ഓഹരി സൂചിക). കഴിഞ്ഞവാരം വരെയുള്ള കണക്കുപ്രകാരം മൂന്ന് ശതമാനമാണ് സെൻസെക്‌സിന്റെ വളർച്ച.
സിംഗപ്പൂർ, ഇൻഡോനേഷ്യ എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളതെന്ന് ബ്ളൂംബെർഗിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ നാണയപ്പെരുപ്പം, അടിസ്ഥാന പലിശനിരക്ക് വർദ്ധന, സാമ്പത്തികമാന്ദ്യ ഭീതി തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കേയാണ് ഇന്ത്യയുടെ നേട്ടം.
അദാനി ഗ്രൂപ്പ്, പൊതുമേഖലാ ബാങ്ക് ഓഹരികൾ എന്നിവയുടെ മികച്ച പ്രകടനമാണ് സെൻസെക്‌സിന് കരുത്തായത്. അദാനി ഗ്രൂപ്പിലെ ഏഴ് സ്ഥാപനങ്ങൾ ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇവയെല്ലാം മികച്ച മുന്നേറ്റം നടത്തി; രണ്ട് സ്ഥാപനങ്ങളുടെ ഓഹരികൾ ഇരട്ടിയിലേറെ മൂല്യവളർച്ച കുറിച്ചു. 113 ശതമാനം വളർച്ചയാണ് അദാനി എന്റർപ്രൈസസ് മാത്രം രേഖപ്പെടുത്തിയത്. ബി.എസ്.ഇ ബാങ്കെക്‌സ് സൂചിക 18 ശതമാനം വളർന്നു. എസ്.ബി.ഐയുടെ മാത്രം മുന്നേറ്റം 25 ശതമാനം.
തിരിച്ചുകയറി സെൻസെക്സ്;
വീണ്ടും 18,000 കടന്ന് നിഫ്‌റ്റി
നാല് ദിവസത്തെ നഷ്‌ടയാത്രയ്ക്ക് വിരമാമിട്ട് സെൻസെക്‌സും നിഫ്‌റ്റിയും ഇന്നലെ മികച്ച നേട്ടമുണ്ടാക്കി. ഇന്നലെ ഒരുവേള 1,080 പോയിന്റ് മുന്നേറി 60,834 വരെയെത്തിയ സെൻസെക്‌സ് വ്യാപാരാന്ത്യമുള്ളത് 721 പോയിന്റ് നേട്ടവുമായി 60,566ൽ. 207 പോയിന്റുയർന്ന നിഫ്‌റ്റി വീണ്ടും 18,000 കടന്ന് 18,014ലെത്തി.
വിദേശ ഓഹരികളുടെ നേട്ടം, യുക്രെയിൻ യുദ്ധത്തിൽ ചർച്ചയാകാമെന്ന റഷ്യയുടെ നിലപാട്, ചൈനയിൽ കൊവിഡ് പ്രതിസന്ധി കുറയുന്നുവെന്ന സൂചനകൾ എന്നിവയാണ് ഓഹരികൾക്ക് കരുത്തായത്.
മുന്നേറിയവർ
ടാറ്റാ സ്‌റ്റീൽ, എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി ബാങ്ക്, അൾട്രടെക് സിമന്റ്, ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി., പവർഗ്രിഡ് എന്നിവയാണ് ഇന്നലെ നേട്ടംകുറിച്ച പ്രമുഖർ.
₹5.73 ലക്ഷം കോടി
സെൻസെക്‌സിന്റെ മൂല്യം ഇന്നലെ ഒറ്റദിവസം 5.73 ലക്ഷം കോടി രൂപ ഉയർന്നു. 272.12 ലക്ഷം കോടി രൂപയിൽ നിന്ന് 277.86 ലക്ഷം കോടി രൂപയായാണ് വർദ്ധന.
രൂപയ്ക്കും നേട്ടം
ഓഹരികളുടെ മുന്നേറ്റത്തിന്റെ ഊർജവുമായി ഇന്ത്യൻ റുപ്പിയും ഇന്നലെ നേട്ടംകുറിച്ചു. ഡോളറിനെതിരെ 17 പൈസ ഉയർന്ന് 82.65ലാണ് രൂപയുള്ളത്.