
ബീജിംഗ് : പ്രതിദിന കൊവിഡ് കണക്കുകൾ പുറത്തുവിടുന്നത് നിറുത്തി ചൈന. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് തീരുമാനം. കണക്കുകൾ പുറത്തുവിടുന്നത് നിറുത്തിയെങ്കിലും പ്രസക്തമായ വിവരങ്ങൾ രാജ്യത്തെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ( സി.ഡി.സി ) അറിയിക്കുമെന്ന് നാഷണൽ ഹെൽത്ത് കമ്മിഷൻ വ്യക്തമാക്കി.
എന്നാൽ സി.ഡി.സി എപ്പോഴാണ് റിപ്പോർട്ടുകൾ അറിയിക്കുക എന്ന് പറഞ്ഞിട്ടില്ല. സാധാരണ, പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും സി.ഡി.സി മാസത്തിലൊരിക്കലാണ് പുറത്തുവിടുന്നത്. രാജ്യത്ത് വ്യാപക പി.സി.ആർ പരിശോധനകൾ അവസാനിപ്പിച്ച പശ്ചാത്തലത്തിൽ ആളുകൾ വൈറസ് ബാധ കണ്ടെത്താൻ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളെയാണ് ആശ്രയിക്കുന്നത്. ഇവ ഔദ്യോഗിക കണക്കുകളിൽ അധികൃതർ ചേർത്തിരുന്നില്ല.
രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുടെ കണക്കുകളും ചൈന ഡിസംബർ ആദ്യം മുതൽ പുറത്തുവിടുന്നില്ല. രാജ്യത്ത് നിരവധി പേർ കൊവിഡ് ബാധിച്ച് മരിക്കുന്നതായി റിപ്പോർട്ടുണ്ടെങ്കിലും സർക്കാർ കണക്കുകളിൽ ഇവ കാണാനാകില്ല. ചൈനയിൽ പ്രതിദിനം കുറഞ്ഞത് 5,000 കൊവിഡ് മരണങ്ങളെങ്കിലും ഇപ്പോഴുണ്ടാകുന്നുണ്ടെന്നാണ് ഒരു ബ്രിട്ടീഷ് ആരോഗ്യ ഏജൻസിയുടെ വിലയിരുത്തൽ.
 കൊവിഡിനൊപ്പം ജീവിച്ച് ചൈനീസ് ജനത
കേസുകൾ നിയന്ത്രണാതീതമായതോടെ കൊവിഡിനൊപ്പം ജീവിക്കാൻ ശീലിച്ച് ചൈനീസ് ജനത. ബീജിംഗ്, ഷാങ്ങ്ഹായ് തുടങ്ങിയ നഗരങ്ങളിലെ സബ്‌വേ ട്രെയിനുകളിൽ തിങ്ങിനിറഞ്ഞാണ് ആളുകൾ യാത്ര ചെയ്യുന്നത്. ഇരുനഗരങ്ങളിലെയും റോഡ് ഗതാഗതവും ഇപ്പോൾ തിരക്കേറിയതാണ്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ എല്ലാവരും മാസ്ക് ധരിക്കുന്നുണ്ട്.
കൊവിഡ് കേസുകൾ പെട്ടെന്ന് കുതിച്ചുയർന്നപ്പോൾ വീടുകളിൽ തുടരാൻ ശ്രമിച്ച പലരും ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളിലാണ്. മിക്കവരും ജോലി സ്ഥലങ്ങളിലേക്ക് മടങ്ങി. ക്രിസ്മസ് ആഘോഷങ്ങൾക്കും നിയന്ത്രണമുണ്ടായിരുന്നില്ല. ഷാങ്ങ്‌ഹായിയിലെ ബണ്ടിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. ഷാങ്ങ്‌ഹായി ഡിസ്നിലാൻഡ്, ബീജിംഗിലെ യൂണിവേഴ്സൽ സ്റ്റുഡിയോസ് എന്നിവിടങ്ങളിലും നിരവധി പേർ ക്രിസ്മസ് ആഘോഷത്തിനെത്തി.
തെക്കൻ നഗരമായ ഗ്വാങ്ങ്ഷൂവിൽ അവധിക്കാലമാഘോഷിക്കാൻ എത്തിവരുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ചത്തേക്കാൾ 132 ശതമാനം വർദ്ധനവാണ് ഇക്കഴിഞ്ഞ വാരാന്ത്യമുണ്ടായത്.
അതേ സമയം, ചൈനീസ് പ്രവിശ്യകളിൽ ദിവസവും ലക്ഷക്കണക്കിന് പേർക്ക് കൊവിഡ് പിടിപെടുന്നെന്നാണ് കണക്ക്. ഷെജിയാംഗ് പ്രവിശ്യയിൽ ദിവസവും 10 ലക്ഷത്തിലേറെ കൊവിഡ് കേസുകളുണ്ടാകുന്നതായാണ് വിവരം. ബീജിംഗിൽ 1,300ഓളവും ഷാങ്ങ്‌ഹായിയിൽ 2,600ലേറെയും ഫീവർ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.
ജനുവരി 22ന് ചൈനീസ് പുതുവർഷം ആരംഭിക്കാനിരിക്കെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം ജനത്തിരക്കേറും. ഇത് കൊവിഡ് കേസുകൾ വീണ്ടും ഇരട്ടിയാകാൻ ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.