nepal

കാഠ്മണ്ഡു: നേപ്പാളിൽ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സി.പി.എൻ - മാവോയിസ്റ്റ് സെന്റർ നേതാവ് പുഷ്പ കമൽ ദഹാൽ പ്രചണ്ഡ. ഇത് മൂന്നാം തവണയാണ് 68കാരനായ പ്രചണ്ഡ പ്രധാനമന്ത്രിയാകുന്നത്. ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഭരണപക്ഷ സഖ്യത്തിൽ നിന്ന് അവസാന നിമിഷം പിൻവാങ്ങിയ പ്രചണ്ഡ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ - യു.എം.എൽ പ്രതിപക്ഷ സഖ്യത്തിന്റെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. ഇന്നലെ വൈകിട്ട് പ്രചണ്ഡ സത്യപ്രതിജ്ഞ ചെയ്തു. നിലവിലെ ഉടമ്പടി പ്രകാരം ആദ്യ രണ്ടര വർഷം പ്രചണ്ഡയും ബാക്കി ഒലിയും പ്രധാനമന്ത്രിയാകും.

2008ലും 2016ലും പ്രധാനമന്ത്രിയായിരുന്ന പ്രചണ്ഡ 1996 മുതൽ മാവോയിസ്​റ്റ് സായുധ സമരങ്ങൾ നയിക്കുകയും ഒടുവിൽ 2006ൽ സമാധാന ഉടമ്പടി ഒപ്പുവച്ച് രാഷ്ട്രീയത്തിലേക്കെത്തുകയുമായിരുന്നു.

 ബാൽകോട്ട് സഖ്യം

നവംബർ 20നായിരുന്നു നേപ്പാളിൽ തിരഞ്ഞെടുപ്പ് നടന്നത്. പാർലമെന്റിലെ 165 സീറ്റിൽ നേരിട്ടും 110 എണ്ണത്തിൽ ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലുമായിരുന്നു തിരഞ്ഞെടുപ്പ്. 275 അംഗ പാർലമെന്റിൽ 138 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. മുൻ പ്രധാനമന്ത്രി ഷേർ ബഹദൂർ ദ്യൂബയുടെ നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലെ ഭരണമുന്നണിയായിരുന്നു മുന്നിൽ.

അഞ്ച് പാർട്ടികളുള്ള ഭരണസഖ്യം ആകെ 136 സീറ്റുകൾ നേടി. പ്രചണ്ഡയുടെ സി.പി.എൻ - മാവോയിസ്റ്റ് സെന്ററും ഭരണമുന്നണിയുടെ ഭാഗമായിരുന്നു. 89 സീറ്റുകൾ നേടിയ നേപ്പാളി കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. അതേ സമയം, ഭരണമുന്നണിയ്ക്ക് ഭൂരിപക്ഷം തികയ്ക്കാൻ സാധിച്ചില്ല.

മറ്റ് ചെറു പാർട്ടികളുടെ കൂടി പിന്തുണ ഉറപ്പിച്ച് അധികാരത്തിലെത്താനായിരുന്നു ദ്യൂബ സഖ്യത്തിന്റെ ലക്ഷ്യം. ഇതിനിടെ പ്രതിപക്ഷ സഖ്യത്തിലെ സി.പി.എൻ - യു.എം.എൽ നേതാവ് കെ.പി. ശർമ്മ ഒലി സർക്കാർ രൂപീകരണത്തിൽ കൈകോർക്കണമെന്ന് കാട്ടി പ്രചണ്ഡയെ സമീപിച്ചു.

കഴിഞ്ഞ വർഷം നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ശേഷം ഭിന്നതകൾ തുടർന്ന ഇരുവരും പരസ്പരം ആദ്യമായി സംസാരിച്ചത് അന്നാണ്. ഭരണപക്ഷ സഖ്യത്തിൽ തുടരുമെന്നും സാഹച്യങ്ങൾ വിലയിരുത്തി മറ്റ് തീരുമാനമെടുക്കുമെന്നുമാണ് പ്രചണ്ഡ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

അതേ സമയം, പുതിയ സർക്കാർ രൂപീകരണത്തിന് ഞായറാഴ്ച വൈകിട്ട് 5 വരെയാണ് പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി സമയം അനുവദിച്ചിരുന്നത്. പ്രധാനമന്ത്രി പദം തുല്യമായി വീതിച്ചെടുക്കാൻ ദ്യൂബയും പ്രചണ്ഡയും ധാരണയിലെത്തിയിരുന്നു. ആദ്യ തവണ തനിക്ക് പ്രധാനമന്ത്രിയാകണമെന്ന് പ്രചണ്ഡ ആവശ്യപ്പെട്ടെങ്കിലും ദ്യൂബ ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് പ്രചണ്ഡ സഖ്യംവിട്ടത്. ഞായറാഴ്ച വൈകിട്ട് 4നാണ് 165 എം.പിമാരുടെ പിന്തുണയോടെ പ്രചണ്ഡ സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ച് പ്രസിഡന്റിനെ സമീപിച്ചത്.

ശർമ്മ ഒലിയുടെ വസതിയിൽ ചേർന്ന യോഗത്തിനൊടുവിലായിരുന്നു സഖ്യരൂപീകരണത്തിന് ധാരണയായത്. പ്രചണ്ഡയും ഒലിയും ചേർന്ന് രൂപീകരിച്ച ' ബാൽകോട്ട് സഖ്യം " അസ്ഥിരമായിരിക്കുമെന്നാണ് വിലയിരുത്തൽ. 78 സീറ്റുകളുമായി ഒലിയുടെ പാർട്ടിയാണ് സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. പ്രചണ്ഡയുടെ പാർട്ടിക്ക് 32 സീറ്റുകൾ മാത്രമാണുള്ളത്.

സി.പി.എൻ - യു.എം.എൽ - 78

 സി.പി.എൻ - മാവോയിസ്റ്റ് സെന്റർ - 32

 ആർ.എസ്.പി - 20

 ആർ.പി.പി - 14

 ജെ.എസ്.പി - 12

 ജനമത് പാർട്ടി - 6

 നാഗരിക് ഉൻമുക്തി പാർട്ടി - 3

 ചൈനീസ് സ്വാധീനം

പ്രചണ്ഡയുടെ നേതൃത്വത്തിലെ സർക്കാർ ഇന്ത്യ - നേപ്പാൾ ബന്ധത്തിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ബാൽകോട്ട് സഖ്യത്തിലെ പ്രധാന നേതാവായ ശർമ്മ ഒലി ഉൾപ്പെടെ സഖ്യത്തിൽ നിരവധി ഇന്ത്യാ വിരുദ്ധ അംഗങ്ങളുണ്ട്. ഇന്ത്യ നേപ്പാളിൽ നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന പദ്ധതികൾ വൈകാനോ തടസപ്പെടനോ ഇടയുണ്ട്. അധികാരം പിടിക്കാൻ എല്ലാ ഇടുപക്ഷ പാർട്ടികളും ഒരുമിക്കാൻ ചൈന പ്രോത്സാഹനം നൽകിയിരുന്നു.

തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ഇന്ത്യയുമായി തർക്കം നിലനിൽക്കുന്ന കാലാപാനി, ലിപുലെക്, ലിംപിയാദുര എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങൾ തിരിച്ചുപിടിക്കുമെന്നായിരുന്ന നവംബർ ആദ്യം ശർമ്മ ഒലി പറഞ്ഞത്.

2020ൽ ഒലി പ്രധാനമന്ത്രിയായിരിക്കെ ഈ പ്രദേശങ്ങളെ ഉൾപ്പടുത്തി നേപ്പാൾ ഭൂപടമിറക്കിയത് വിവാദമായിരുന്നു. ചൈനയുടെ പിന്തുണയോടെ ഏറ്റുമുട്ടൽ സമീപനമായിരുന്നു ഒലി ഇന്ത്യയോട് സ്വീകരിച്ചിരുന്നത്.

അതേസമയം, നയതന്ത്ര മാർഗങ്ങളിലൂടെയും പരസ്പര ചർച്ചകളിലൂടെയും അതിർത്തി വിഷയങ്ങളിൽ പരിഹാരം കണ്ടെത്തുമെന്നായിരുന്നു ദ്യൂബയുടെ നിലപാട്. ഇന്ത്യയും ചൈനയും അതിർത്തി വിഷയത്തിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങൾക്കുമിടെയിൽ പ്രചണ്ഡ സ്വീകരിക്കുന്ന നിലപാട് ഉറ്റുനോക്കപ്പെടുന്നു.