
മഞ്ചേരി: പുതിയ സീസണിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ഐ ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്.സിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞ് കാമറൂൺകാരനായ റിച്ചാർഡ് ടോവ. സീസണിൽ ഒൻപത് മത്സരങ്ങൾ കഴിഞ്ഞപ്പോഴാണ് പരിശീലകൻ ക്ലബ്ബ് വിടുന്നത്.
ഈ സീസണിലാണ് റിച്ചാർഡ് ടോവയെ ഗോകുലം പരിശീലക സ്ഥാനത്ത് എത്തിച്ചത്. ഒൻപത് മത്സരങ്ങളിൽ നാല് ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമുള്‍പ്പെടെ 15 പോയിന്റാണ് ടോവയുടെ കീഴിൽ ടീമിന്റെ സമ്പാദ്യം. ക്ലബ്ബും താനുമായുള്ള പരസ്പര ധാരണയിലാണ് പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് ടോവ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.