thanga-nagy

പത്തനംതിട്ട: മണ്ഡലപൂജയ്‌ക്ക് ശബരീശവിഗ്രഹത്തിൽ ചാർത്താനുള‌ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള‌ള ഘോഷയാത്ര സന്നിധാനത്തെത്തി. നാളെയാണ് മണ്ഡലപൂജ നടക്കുക. അൽപസമയത്തിനകം തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. 75 ഓളം സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് തങ്ക അങ്കി ഘോഷയാത്ര ശബരിമലയിൽ എത്തിയത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ എന്നിവർ തങ്ക അങ്കിയെ കൊടിമരത്തിന് താഴെ വച്ച് സ്വീകരിച്ചു.

ശബരിമല തന്ത്രി കണ്‌ഠരര് രാജീവരരും മേൽശാന്തി ജയരാമൻ നമ്പൂതിരിയ്‌ക്ക് പുലയായതിനാൽ അദ്ദേഹത്തിന്റെ പ്രതിപുരുഷനായി തിരുവല്ല കാവുംഭാഗം സ്വദേശി നാരായണൻ നമ്പൂതിരിയും ചേർന്നാണ് തങ്ക അങ്കി സ്വീകരിക്കുക. ഇതുവരെ സന്നിധാനത്ത് എത്തിയത് 30 ലക്ഷം പേരാണെന്നാണ് കണക്ക്.

തിരുവിതാംകൂർ രാജകുടുംബമാണ് അയ്യപ്പന് തങ്ക അങ്കി സമർപ്പിച്ചത്. വർഷത്തിൽ ഒരിക്കൽ മാത്രമേ തങ്ക അങ്കി ശബരിമല സന്നിധാനത്ത് കൊണ്ടുവരികയുള്ളൂ. മണ്ഡലപൂജയ്ക്ക് തലേ ദിവസം വൈകീട്ട് ദീപാരാധനക്കും മണ്ഡലപൂജ സമയത്തും മാത്രമേ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തൂ.