
രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 189ന് ആൾഒൗട്ട്
ഓസീസിന്റെ കാമറൂൺ ഗ്രീനിന് അഞ്ചുവിക്കറ്റ്
മെൽബൺ : അഞ്ചുവിക്കറ്റ് നേടിയ ആൾറൗണ്ടർ കാമറൂൺ ഗ്രീനിന്റെ മികവിൽ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 189 റൺസിന് ആൾഒൗട്ടാക്കിയ ഓസ്ട്രേലിയ ആദ്യ ദിനം കളി നിറുത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 45 റൺസെടുത്തു. 144 റൺസ് പിന്നിലാണ് ഇപ്പോൾ ആതിഥേയർ.
ബോക്സിംഗ് ഡേയിൽ മെൽബണിൽ ടോസ് നേടിയ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് ഇറക്കുകയായിരുന്നു. 67 റൺസെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായ ദക്ഷിണാഫ്രിക്കയെ ആറാം വിക്കറ്റിൽ ഒരുമിച്ച വിക്കറ്റ് കീപ്പർ കൈൽ വെറേയ്നും(52) മാർക്കും ജാൻസെനും (59) കൂട്ടിച്ചേർത്ത 112 റൺസാണ് 150 കടത്തിയത്.ഇരുവരെയും ഗ്രീൻ അടുത്തടുത്ത ഓവറിൽ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു.
10.4 ഓവറിൽ മൂന്ന് മെയ്ഡനടക്കം 27 റൺസ് വഴങ്ങിയാണ് കാമറൂൺ ഗ്രീൻ അഞ്ചുവിക്കറ്റ് വീഴ്ത്തിയത്. മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും സ്കോട്ട് ബോളണ്ട്,നഥാൻ ലയൺ എന്നിവർ ഓരോവിക്കറ്റും സ്വന്തമാക്കി.
മറുപടിക്കിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണർ ഉസ്മാൻ ഖ്വാജയെ(1)യാണ് നഷ്ടമായത്. നൂറാം ടെസ്റ്റിനിറങ്ങിയ ഡേവിഡ് വാർണറും (32*), മാർനസ് ലബുഷേനുമാണ് (5*) കളിനിറുത്തുമ്പോൾ ക്രീസിൽ.