
ഇടുക്കി: ഉന്തിയ പല്ലിന്റെ പേരിൽ ആദിവാസി യുവാവിന് സർക്കാർ ഉദ്യോഗം നഷ്ടമായ സംഭവത്തിൽ ഒന്നും ചെയ്യാനാകില്ലെന്ന് പിഎസ്‌സി. ഉന്തിയ പല്ലുള്ളവർക്ക് യൂണിഫോം തസ്തികയിൽ ജോലി ലഭി്ക്കണമെങ്കിൽ സർക്കാർ നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തണം എന്നാണ് പി.എസ്.സിയുടെ നിലപാട്. ആ തീരുമാനം സർക്കാർ വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് നടത്തേണ്ട നയപരമായ തീരുമാനമാണെന്നും അല്ലാതെ നിയമന ചട്ടങ്ങളിൽ ഭേദഗതി വേണമെന്ന് സർക്കാരിനോട് അങ്ങോട്ട് ആവശ്യപ്പെടാറില്ലെന്നും പി.എസ്.സി വൃത്തങ്ങൾ അറിയിച്ചു.
ആദിവാസികൾക്ക് മാത്രമായി നടത്തിയ ബീറ്റ് ഫോറസ്റ്റ് തസ്തികയിലേയ്ക്ക് ലഭിച്ച അവസരം മുത്തു എന്ന ആദിവാസി യുവാവിന് നിര തെറ്റിയ പല്ലിന്റെ പേരിൽ നഷ്ടമായിരുന്നു. അട്ടപ്പാടി ആനവായി ഊരിൽ നിന്നുള്ള ഉദ്യോഗാർത്ഥിയായ മുത്തു സെപ്തംബറിൽ നടന്ന എഴുത്തു പരീക്ഷയിലും തുടർന്ന് നടന്ന കായിക ക്ഷമതാ പരീക്ഷയിലും വിജയിച്ചിരുന്നു. എന്നാൽ ശാരീരികക്ഷമതാ പരിശോധനയ്ക്ക് ശേഷം ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ലിനെക്കുറിച്ച് പരാമർശിച്ചതോടെ മുത്തുവിന്റെ സർക്കാർ ജോലി എന്ന സ്വപ്നം പൊലിയുകയായിരുന്നു.
ഈ വിഷയത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ശാരീരിക ക്ഷമതാ അയോഗ്യതയുടെ പരിധിയിൽ വരുന്നതാണ് ഉന്തിയ പല്ലുകളെന്നും നിയമഭേദഗതി മാത്രമാണ് ഏക പോംവഴിയെന്നുമാണ് പി.എസ്.സി അറിയിച്ചിരിക്കുന്നത്. എന്നാൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് പി.എസ്.സി ആണെന്നും വനംവകുപ്പ് നിസഹായരാണെന്നുമായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം.
അതേ സമയം മുത്തുവിന് ജോലി നഷ്ടമായ സംഭവം വാർത്തയായതിന് പിന്നാലെ വിഷയത്തിൽ എസ്.സി എസ്.ടി കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ വനം വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, പി.എസ്.സി സെക്രട്ടറി എന്നിവർ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.