
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള കാർഷിക, കാർഷികാനുബന്ധ കമ്മോഡിറ്റി കയറ്റുമതി നടപ്പുവർഷം ഏപ്രിൽ-ഒക്‌ടോബറിൽ 11.97 ശതമാനം വർദ്ധിച്ച് 3,021 കോടി ഡോളറിലെത്തി. 2021-22ലെ സമാനകാലത്ത് 2,698 കോടി ഡോളറായിരുന്നു കയറ്റുമതി വരുമാനമെന്ന് കാർഷിക മന്ത്രാലയം വ്യക്തമാക്കി. ഗോതമ്പ്, ബസുമതി അരി, കോട്ടൺ, ആവണക്കെണ്ണ, കാപ്പി, പഴവർഗങ്ങൾ എന്നിവയാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്ന കാർഷിക കമ്മോഡിറ്റികൾ.
2021-22ലെ മൊത്തം കാർഷിക കയറ്റുമതി 2020-21ലെ 4,186 കോടി ഡോളറിനേക്കാൾ 20 ശതമാനം ഉയർന്ന് 5,024 കോടി ഡോളറിലെത്തിയിരുന്നു. 167 പാതകളിൽ സർവീസ് ആരംഭിച്ച 'കിസാൻ റെയിൽ" പദ്ധതി നടപ്പുവർഷത്തെ കയറ്റുമതിക്ക് വലിയ കരുത്തായെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.