
ചെന്നൈ: കോൺഗ്രസിന്റെ ജോഡോ യാത്രയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ രാജ്യത്ത് പ്രകമ്പനമുണ്ടാക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് എ. ഗോപണ ജവഹർലാൽ നെഹ്‌റുവിനെ കുറിച്ച് എഴുതിയ 'മാമനിതാർ നെഹ്‌റു" എന്ന പുസ്തകം ചെന്നൈയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വവും സമത്വവും പോലുള്ള മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നെഹ്‌റുവിനെയും മഹാത്മാഗാന്ധിയെയും പോലുള്ള നേതാക്കളെ രാജ്യത്തിന് ആവശ്യമാണെന്ന് സ്റ്റാലിൻ പറഞ്ഞു. നെഹ്‌റു യഥാർത്ഥ ജനാധിപത്യവാദിയായിരുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രതീകമായിരുന്നു. അതുകൊണ്ടാണ് ജനാധിപത്യ ശക്തികൾ അദ്ദേഹത്തെ വാഴ്‌ത്തുന്നത്.
രാഹുലിന്റെ പ്രസംഗം തിരഞ്ഞെടുപ്പോ കക്ഷി രാഷ്ട്രീയമോ അല്ല. പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടാണ് ചിലർ അദ്ദേഹത്തെ ശക്തമായി എതിർക്കുന്നത്. അദ്ദേഹത്തിന്റെ സംസാരം ചിലപ്പോൾ നെഹ്‌റുവിനെപ്പോലെയാണ്. മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും അനന്തരാവകാശികൾ നടത്തുന്ന ചർച്ചകളിൽ ഗോഡ്‌സെയുടെ പിൻഗാമികൾക്ക് കയ്‌പുണ്ടാകും.
നെഹ്‌റു ഇന്ത്യയുടെ ശബ്ദമാണ്. അദ്ദേഹം എല്ലാവരെയും ചേർത്തു പിടിച്ചതുകൊണ്ടാണ് മതേതര ശക്തികൾ അദ്ദേഹത്തെ വാഴ്ത്തുന്നത്. ഭാരത് ജോഡോ യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം, ടി.എൻ.സി.സി പ്രസിഡന്റ് കെ.എസ്. അഴഗിരി തുടങ്ങിയവർ പങ്കെടുത്തു.