
മുംബയ് : ബോളിവുഡിലെ യുവതാരം സുശാന്ത് സിംഗ് രജ്‌പുതിന്റെ ദുരൂഹ മരണം നടന്ന് രണ്ട് വർഷം കഴിയുമ്പോൾ സംഭവത്തിൽ വൻ വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരൻ.
സുശാന്ത് സിംഗിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ആശുപുത്രിയിലെ ജീവനക്കാരൻ രൂപ്‌കുമാർ ഷാ ഒരു ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
സുശാന്ത് സിംഗിന്റെ മരണം നടന്ന ദിവസം അഞ്ച് മൃതദേഹങ്ങളാണ് കൂപ്പർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് എത്തിയത്. അഞ്ച് മൃതദേഹങ്ങളിൽ ഒന്ന് സുശാന്തിന്റേതായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി പാടുകളുണ്ടായിരുന്നു. രണ്ടുമൂന്ന് പാടുകൾ അദ്ദേഹത്തിന്റെ കഴുത്തിലായിരുന്നുവെന്നും രൂപ്‌കുമാർ പറഞ്ഞു.
പോസ്റ്റ്‌മോർട്ടം നടപടികൾ റെക്കോഡ് ചെയ്യണമെന്നാണ്. എന്നാൽ സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ മാത്രം എടുത്താൽ മതിയെന്നാണ് ഉന്നത അധികാരികളിൽ നിന്ന് ലഭിച്ച നിർദ്ദേശം. അതു കൊണ്ട് അവർ പറഞ്ഞതനുസരിച്ച് ചിത്രങ്ങൾ എടുത്തു. ആദ്യമായി മൃതദേഹം കണ്ടപ്പോൾ തന്നെ സീനിയറായിട്ടുള്ളവരോട് പറഞ്ഞിരുന്നു ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന്.
നിയമപ്രകാരം തന്നെ പോസ്റ്റ്മോർട്ടം ചെയ്യണമെന്നും അവരോട് ആവശ്യപ്പെട്ടു. എന്നാൽ സീനിയേഴ്‌സ് പറഞ്ഞത് വേഗത്തിൽ തന്നെ ചിത്രങ്ങളെടുത്ത് ബോഡി പൊലീസിന് കൈമാറാനാണ്. അതുകൊണ്ട് രാത്രി തന്നെ പോസ്റ്റ്മോർട്ടം നടത്തി. 
രൂപ് കുമാർ പറഞ്ഞു.
കേസിൽ കൂപ്പർ ആശുപത്രിയിലെ ഡോക്ടർമാരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ഒക്ടോബറിൽ എയിംസ് മെഡിക്കൽ ബോർഡ് സി.ബി.ഐയ്ക്ക് നൽകിയ റിപ്പോർട്ടിൽ തൂങ്ങിമരണമെന്ന് സ്ഥിരീകരിച്ചിരുന്നു.
2020 ജൂൺ 14നാണ് സുശാന്ത് സിംഗ് രജ്‌പുതിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. ആദ്യം മുംബയ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സുപ്രീംകോടതി നിർദ്ദേശപ്രകാരം സി.ബി.ഐ ഏറ്റെടുത്തിരുന്നു. സുശാന്ത് ആത്ഹത്യ ചെയ്തതാണ് എന്നായിരുന്നു മുംബയ് പൊലീസിന്റെ കണ്ടെത്തൽ.
2021 ജൂണില്‍ സുശാന്തിന്റെ മുന്‍ അസിസ്റ്റന്റ് ദിഷ സാലിയനും മരണപ്പെട്ടിരുന്നു. രണ്ട് മരണങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും ഇരുവരും കൊല്ലപ്പെട്ടതാണെന്നും ആരോപണം ഉയർന്നിരുന്നു. നടൻ അമീർഖാന്റെ സഹോദരൻ ഫൈസൽഖാനും സുശാന്തിന്റേത് കൊലപാതകമെന്ന് ആരോപണമുന്നയിച്ചിരുന്നു.