drugs

കച്ച്: പാകിസ്ഥാനിൽ നിന്നുള‌ള മത്സ്യബന്ധന ബോട്ടിൽ കടത്തിയ 300 കോടിയുടെ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. കോസ്‌റ്റ് ഗാർഡും ഭീകര വിരുദ്ധ സേനയും സംയുക്തമായി ഗുജറാത്ത് തീരത്ത് നടത്തിയ ഓപറേഷനിലാണ് ഇത്ര വലിയ കണ്ടെത്തൽ. സംഭവത്തിൽ ബോട്ടിലുണ്ടായിരുന്ന പത്തുപേരെ കോസ്‌റ്റ് ഗാർഡ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

നാൽപത് കിലോയോളം വരുന്ന 300 കോടി വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പാകിസ്ഥാൻ നിർമ്മിതമായ അൽ സൊഹൈലി എന്ന മത്സ്യബന്ധ ബോട്ട് കൂടുതൽ അന്വേഷണങ്ങൾക്കായി ഓഖയിലേക്കെത്തിച്ചെന്ന് കോസ്‌റ്റ് ഗാർഡ് വൃത്തങ്ങൾ അറിയിച്ചു. പ്രത്യേക ഇന്റലിജൻസ് വിവരങ്ങളെ തുടർന്ന് ഡിസംബ‌ർ 25,26 തീയതികളിൽ പ്രദേശത്ത് കോസ്‌റ്റ് ഗാർഡ് പരിശോധന നടത്തുകയായിരുന്നു. ഐസിജിഎസ് അരിഞ്ജയ് എന്ന കോസ്‌റ്റ് ഗാർഡിന്റെ കപ്പലാണ് പാകിസ്ഥാൻ അതിർത്തിയ്‌ക്കടുത്തുനിന്നും ബോട്ട് പിടിച്ചെടുത്തത്.

കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ എടിഎസും കോസ്‌റ്റ്‌ഗാർ‌ഡും പാക് അതിർത്തിയോട് ചേർന്ന് നടത്തുന്ന മൂന്നാമത് ഓപ്പറേഷനാണിത്. ഈ വർഷത്തെ ഏഴാമത്തേതും. പാകിസ്ഥാൻ സ്വദേശിയായ മൊഹമ്മദ് കാദർ എന്ന ലഹരിക്കടത്തുകാരനാണ് ഈ കടത്തും നടത്തിയത്. 200 കോടി വിലവരുന്ന 40 കിലോ ലഹരിവസ്‌തുക്കൾ കോസ്‌റ്റ് ഗാർഡ് പിടിച്ചെടുത്തത് ഇക്കഴിഞ്ഞ സെപ്‌തംബറിലാണ്.