
പോർച്ചുഗൽ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും അദ്ദേഹത്തിന്റെ ആരാധർക്കും 2022 അത്ര പ്രതീക്ഷാജനകമായ വർഷമായിരുന്നില്ല. ലോകകപ്പിലെ മോശം പ്രകടനവും, തന്റെ സ്വന്തം പോർച്ചുഗൽ ടീമിന്റെ തന്നെ ആദ്യ ഇലവനിൽ ഇടം പിടിക്കാതെ പോയതും കൂടാതെ ക്ളബ് ഫുട്ബാളിൽ പ്രതിനിധീകരിക്കാൻ ഒരു ടീമില്ലാതെ പോകുന്ന ദുരവസ്ഥയിലൂടെ അടക്കം ക്രിസ്റ്ര്യാനോയ്ക്ക് കടന്നുപോകേണ്ടി വന്നു.
കഴിഞ്ഞ മാസം താരവുമായുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനിപ്പിച്ചിരുന്നു. അങ്ങനെ സ്വതന്ത്ര ഏജന്റായി ലോകകപ്പിലെത്തിയ ക്രിസ്റ്റ്യാനോയ്ക്ക് അവിടെയും നിരാശ തന്നെ ആയിരുന്നു ഫലം. ലോകകപ്പിൽ പോർച്ചുഗൽ സെമി കാണാതെ പുറത്തായതിന് പിന്നാലെ താരം ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അത്രയ്ക്ക് സജീവമല്ലാതെ ആയി. അതോടെ താരത്തെ കുറിച്ചുള്ള അധികം വിവരങ്ങൾ ആരാധകർക്ക് ലഭ്യമല്ലാതായി.
എന്നാലിപ്പോൾ ഏറെ സന്തോഷവാനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദൃശ്യങ്ങളാണ് അദ്ദേഹത്തിന്റെ ജീവിത പങ്കാളി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. രണ്ടരക്കോടിയോളം രൂപ വില വരുന്ന ഒരു റോൾസ് റോയ്സ് ഫാന്റം കാറായിരുന്നു റൊണാൾഡോയുടെ കാമുകിയായ ജോർജിനയുടെ ക്രിസ്മസ് സമ്മാനം. അപ്രതീക്ഷിതമായി ലഭിച്ച ആഡംബര കാർ കണ്ട് വികാരാധീനനാകുന്ന ക്രിസ്റ്റ്യാനോയെ ജോർജിന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണാം. താരവും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സമ്മാനത്തിന്റെ ചിത്രം പങ്കാളിയോടുള്ള സ്നേഹം നിറഞ്ഞ അടിക്കുറിപ്പോടെ പങ്കുവെച്ചിട്ടുണ്ട്.