
മുംബയ്: ആത്മഹത്യ ചെയ്ത സിനിമ, സീരിയൽ താരം തുനിഷ ശർമ്മയുമായി വേർപിരിയാൻ കാരണം ഡൽഹിയിൽ നടന്ന ശ്രദ്ധവോൾക്കർ കൊലപാതകവും തുടർന്നുണ്ടായ സാഹചര്യവുമാണെന്ന് അറസ്റ്റിലായ നടൻ ഷീസാൻ ഖാൻ. ശ്രദ്ധയുടെ മരണം തന്റെ മനം മടുപ്പിച്ചെന്നും ഷീസാൻ പൊലീസ് മൊഴി നൽകി.
തുനിഷയും താനും വ്യത്യസ്ത മതവിഭാഗക്കാരാണ്.
അഫ്താബ് പൂനാവാലയാണ് തന്റെ പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയത്. കൊലപാതകം ലൗ ജിഹാദാണെന്ന് ചില നേതാക്കളും ആരോപിച്ചിരുന്നു. ഇതിൽ മനം മടുത്താണ് തുനിഷയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ആദ്യചോദ്യം ചെയ്യലിൽ ഷീസാൻ പൊലീസിനോടു പറഞ്ഞു.
തുനിഷയും താനും തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ടെന്നും ഷീസാൻ പറഞ്ഞു. ഷീസാന് 28 വയസും തുനിഷയ്ക്ക് 20ഉം ആയിരുന്നു. മുമ്പും ആത്മഹത്യയ്‌ക്ക് ശ്രമിച്ച തുനിഷയെ താനാണ് രക്ഷിച്ചതെന്നും ഷീസാൻ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് 'അലിബാബ, ദസ്താൻ ഇ-കാബുൾ" എന്ന സീരിയലിന്റെ സെറ്റിൽ തുനിഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് സഹനടൻ ഷീസാൻ ഖാനെ അറസ്റ്റു ചെയ്തത്. പ്രണയത്തിലായിരുന്ന ഇരുവരും 15 ദിവസം മുമ്പാണ് വേർപിരിഞ്ഞത്.