
ലണ്ടൻ: 2023ൽ ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങിയേക്കുമെന്ന് ലണ്ടനിലെ സെന്റർ ഫോർ ഇക്കോണമിക്സ് ആൻഡ് ബിസിനസ് റിസർച്ചിന്റെ (സി.ഇ.ബി.ആർ) ഗവേഷണ റിപ്പോർട്ട്. പണപ്പെരുപ്പം നേരിടാൻ ലക്ഷ്യമിട്ടുള്ള ഉയർന്ന കടമെടുപ്പ് ചെലവ് സമ്പദ്വ്യവസ്ഥകൾ ചുരുങ്ങാൻ കാരണമാകും.
2022ൽ ആഗോള സമ്പദ് വ്യവസ്ഥ ആദ്യമായി 100 ട്രില്യൺ ഡോളർ കവിഞ്ഞിരുന്നു. എന്നാൽ കുതിച്ചുയരുന്ന വിലക്കയറ്റം 2023ൽ ഇത് മന്ദഗതിയിലാകും.
അതേസമയം, ലോകത്തെ വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയെ 2036 വരെ ചൈനയ്ക്ക് മറികടക്കാനാവില്ലെന്നും 2032ൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2035ൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 10 ട്രില്യൺ ഡോളറാകുമെന്നാണ് പ്രവചനം.