
സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് മുടികൊഴിച്ചിലും അകാല നരയും. താരൻ, മുടി പൊട്ടൽ, തലയോട്ടിയിലെ വരൾച്ച തുടങ്ങിയവയും കേശസംരക്ഷണത്തിൽ ശ്രദ്ധിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങളാണ്. മുടിയുടെ സംരക്ഷണം വാഗ്ദാനം ചെയ്ത് ദിനംപ്രതി നിരവധി ഉത്പന്നങ്ങളാണ് വിപണിയിൽ എത്തുന്നത്. ഈ ഉത്പന്നങ്ങൾ ഉപയോഗിച്ചിട്ടും ഫലം കാണാത്തവർക്കായി ഇതാ പ്രകൃതിദത്തമായ ഒരു രീതി.
ആവശ്യമായ സാധനങ്ങൾ
1, നല്ല കറിവേപ്പില 100 ഗ്രാം
2, വെളിച്ചെണ്ണ
മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാര മാർഗമാണ് കറിവേപ്പില. കറിവേപ്പിലയിൽ ധാരാളം അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ മികച്ച വളർച്ചയ്ക്കും മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഇത് തലയോട്ടിയിലെ മൃതകോശങ്ങളെയും രോമകൂപങ്ങളെയും നീക്കം ചെയ്യുന്നു
തയാറാക്കുന്ന വിധം
ആദ്യം 100 ഗ്രാം കറിവേപ്പില വെള്ളത്തിൽ നന്നായി കഴുകി ഉണക്കി തണ്ടിൽ നിന്ന് വേർതിരിക്കുക. ശേഷം അതിലേയ്ക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അടുപ്പിൽ വച്ച് ചൂടാക്കുക. ഈ എണ്ണ ചെറിയ തീയിൽ കറുക്കും വരെ ചൂടാക്കുക. ഇത് കറുത്ത നിറമാക്കുമ്പോൾ തണുക്കാൻ വെയ്ക്കുക. ശേഷം കനം കുറഞ്ഞ കോട്ടൺ തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. ഇത് ഒരു കുപ്പിലാക്കി ആവശ്യാനുസരണം ഉപയോഗിക്കാം.