jayarajan-cpm

തിരുവനന്തപുരം: സിപിഎം നേതാക്കളായ പി ജയരാജനും ഇ.പി ജയരാജനും പരസ്പരം ആരോപിക്കുന്ന കാര്യങ്ങൾ ഏറെ ഗൗരവതരമാണെന്ന് കോൺഗ്രസ് നേതാക്കൾ. സിപിഎം നേതാക്കൾക്കെതിരായ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പതിവുപോലെ മൗനവ്രതം പുനരാരംഭിച്ചതായും അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നേതാക്കളുടെ മക്കൾ ഇത്രയധികം സമ്പന്നരായി മാറിയതിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.

സിപിഎം നേതാക്കൾക്കെതിരായ അഴിമതി ആരോപണത്തിൽ പാർട്ടി കമ്മീഷനെ നിയോഗിച്ച് തടിതപ്പാനാകില്ലെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിപക്ഷനിരയിലെ കെ മുരളീധരനടക്കമുള്ള നേതാക്കൾ സമാനമായ ആവശ്യവുമായി രംഗത്തെത്തിയിരുന്നു,​

അതേ സമയം ഇ.പി ജയരാജനെതിരായ ആരോപണത്തിൽ മാദ്ധ്യമങ്ങളോട് വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി . വിഷയം ചർച്ച ചെയ്യുമോ എന്ന ചോദ്യത്തോട് ''തണുപ്പ് എങ്ങനെയുണ്ട്'' എന്ന മറുചോദ്യത്തോടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ മാദ്ധ്യമങ്ങളെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയത്.നാളെ രാവിലെ 11 മണിക്ക് എകെജി ഭവനിൽ ചേരുന്ന പിബി യോഗത്തിൽ ഇ.പി ജയരാജൻ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.