
മോസ്കോ : തെക്കൻ റഷ്യയിലെ ഏംഗൽസ് എയർബേസിന് നേരെയുണ്ടായ യുക്രെയിൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്നലെ യുദ്ധവിമാനങ്ങൾ വിന്യസിച്ചിട്ടുള്ള ഏംഗൽസ് ബേസിനെ ലക്ഷ്യമാക്കി വന്ന ഡ്രോണിനെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവച്ചു വീഴ്ത്തിയെങ്കിലും ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് പരിക്കേറ്റ് മൂന്ന് ടെക്നിക്കൽ ഉദ്യോഗസ്ഥർ മരിക്കുകയായിരുന്നെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രദേശവാസികൾക്ക് പരിക്കേറ്റിട്ടില്ല. രണ്ട് വിമാനങ്ങൾക്ക് നേരിയതോതിൽ കേടുപാടുകളുണ്ട്. യുക്രെയിനിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് മിസൈലാക്രമണം നടത്താൻ റഷ്യ തിരഞ്ഞെടുക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഏംഗൽസ് ബേസ്. ഈ മാസം ആദ്യവും റഷ്യൻ എയർബേസിന് നേരെ യുക്രെയിൻ ഡ്രോൺ ആക്രമണം ആരോപിക്കപ്പെട്ടിരുന്നു.