
ബെൽഗ്രേഡ് : തെക്ക് കിഴക്കൻ സെർബിയയിൽ അമോണിയയുമായി സഞ്ചരിച്ച ട്രെയിൻ പാളംതെറ്റി 51 പേർക്ക് വിഷബാധയേറ്റു. പൈററ്റ് നഗരത്തിൽ വച്ച് ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. വലിയ അളവിൽ അമോണിയ വാതകം അന്തരീക്ഷത്തിലേക്ക് ചോർന്നതോടെ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്കൂളുകൾ അടച്ചിടാനും അധികൃതർ നിർദ്ദേശം നൽകി.
ബൾഗേറിയയിലേക്ക് പോകുന്ന ഒരു അന്താരാഷ്ട്ര ഹൈവേ വഴിയുള്ള ഗതാഗതം നിരോധിച്ചു. അയൽരാജ്യമായ ബൾഗേറിയയിൽ നിന്ന് 21 വാഗണുകളിലായാണ് ട്രെയിനിൽ അമോണിയ കൊണ്ടുവന്നത്. ഇതിൽ നാലെണ്ണം പാളം തെറ്റുകയും ഒരെണ്ണത്തിൽ ചോർച്ചയുണ്ടാവുകയുമായിരുന്നു. അപകടത്തിൽ മറ്റ് പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല.