korea

സോൾ : ഉത്തര കൊറിയ തങ്ങളുടെ അതിർത്തിയിലൂടെ അഞ്ച് ഡ്രോണുകൾ പറത്തിയെന്ന് ദക്ഷിണ കൊറിയ. ഇവ ഗ്വെയോങ്ങി പ്രവിശ്യയിലെ രാജ്യാതിർത്തിയ്ക്ക് ചുറ്റുമുള്ള വ്യോമപരിധി ലംഘിച്ചെന്നും ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഒഫ് സ്റ്റാഫ് അറിയിച്ചു. ഇതിൽ ഒരെണ്ണം തലസ്ഥാനമായ സോളിന്റെ വടക്കേ അറ്റത്ത് കൂടി പറന്നാണ് തിരികെ ഉത്തര കൊറിയൻ അതിർത്തി കടന്നത്. പിന്നാലെ ദക്ഷിണ കൊറിയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് വിന്യസിച്ചു. ഡ്രോണുകളെ വെടിവച്ച് വീഴ്ത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനിടെ ഒരു യുദ്ധവിമാനം തകർന്നെങ്കിലും അതിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു. കിഴക്കൻ സോളിലാണ് വിമാനം തകർന്നുവീണത്. ഇതിനിടെ ഇഞ്ചിയോൺ,​ ഗിംപോ വിമാനത്താവളങ്ങളിൽ വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുന്നതും ലാൻഡ് ചെയ്യുന്നതും ഏകദേശം ഒരു മണിക്കൂർ നിറുത്തിവച്ചു. ഇന്നലെ രാവിലെ 7 മണി മുതലാണ് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഉത്തര കൊറിയയുടേത് വ്യക്തമായ പ്രകോപനമാണെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. 2017ലാണ് ഒരു ഉത്തര കൊറിയൻ ഡ്രോൺ അവസാനമായി ദക്ഷിണ കൊറിയയുടെ അതിർത്തി കടന്നത്.