muthanga-checkpost

വയനാട്: മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി. രേഖകളില്ലാതെ പിടികൂടിയ സ്വർണ്ണം വിട്ടുകൊടുക്കാനായി നടപടി നേരിട്ട ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന് ആക്ഷേപമുയർന്നിരുന്നു.


പത്ത് ദിവസം മുൻപ് കർണാടകയിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്ന ഒരു കിലോ സ്വർണ്ണം മതിയായ രേഖകളുടെ അഭാവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഈ സ്വർണ്ണം വിട്ടുനൽകാൻ യാത്രക്കാരനോട് രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി.

കൈക്കൂലി ആരോപണം ഉയർന്നതിന് പിന്നാലെ തന്നെ എക്‌സൈസ് ഇൻസ്‌പെക്ടർ പി എ ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ ചന്തു, ജോണി, മറ്റ് രണ്ട് സിവിൽ എക്‌സൈസ് ഓഫീസർമാർ എന്നിവരെ സ്ഥലം മാറ്റിയിരുന്നു. തുടർന്ന് എക്‌സൈസ് ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിന്റെ തുടർനടപടിയായാണ് സസ്‌പെന്റ് ചെയ്തത്.

പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മീഷണറാണ് നടപടിയെടുത്തത്. തെളിവുകളില്ലാതെ ഏകപക്ഷീയമായി നടപടി സ്വീകരിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇവർ വകുപ്പുതല നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഒരു വർഷം മുൻപ് സമാന സംഭവത്തിൽ കുഴൽപ്പണം പിടിച്ചെടുത്തതിന് മുത്തങ്ങ ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥർ സസ്‌പെൻഷൻ നേരിട്ടിരുന്നു.