pic

ഹാനോയ് : മൂന്ന് വീലുകളുള്ള ഒരു ചെറു റിക്ഷ. ഉള്ളിൽ വിവിധ വർണങ്ങളിലെ മനോഹരമായ കുഞ്ഞുടുപ്പുകൾ ധരിച്ച നായക്കുഞ്ഞുങ്ങൾ സന്തോഷത്തോടെയുണ്ട്. ഈ റിക്ഷയും അതിലെ നായക്കുഞ്ഞുങ്ങളെയുമായി വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയ്‌യിലെ തെരുവുകളിൽ എൻഗുയെൻ തീ കിം - ക്വീ ചുറ്റിക്കറങ്ങി നടക്കുന്നത് കാണാം. 71 വയസുള്ള ഒരു മുത്തശ്ശിയാണ് കിം. ഹെയർഡ്രെസറായിരുന്ന കിം തന്റെ റിട്ടെയർമെന്റ് കാലം ചെലവഴിക്കുന്നത് താൻ ദത്തെടുത്ത ഈ നായക്കുട്ടികൾക്കൊപ്പമാണ്.

വിയറ്റ്നാമിൽ പ്രതിവർഷം ഏകദേശം 50 ലക്ഷം നായകളെ ആഹാരത്തിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. നായ ഇറച്ചിയുടെ ഉപയോഗത്തിൽ ചൈനയ്ക്ക് തൊട്ടുപിന്നിലാണ് തെക്ക് കിഴക്കൻ രാജ്യമായ വിയറ്റ്നാമിന്റെ സ്ഥാനം. എന്നാലിപ്പോൾ നായ ഇറച്ചിയുടെ ഉപയോഗം കുറയ്ക്കാനുള്ള ശ്രമത്തിലാണ് വിയറ്റ്നാം.

കിമ്മാകട്ടെ ഈ സമ്പ്രദായത്തോട് പൂർണമായും എതിരാണ്. മനുഷ്യന്റെ ചങ്ങാതിമാരായ നായകളെ എന്ത് വിലകൊടുത്തും സംരക്ഷിക്കണമെന്നാണ് കിമ്മിന്റെ നിലപാട്. അതുകൊണ്ട് തന്നെ ജോലിയിൽ നിന്ന് വിരമിച്ച ശേഷം തന്റെ ജീവിതം നായകളുടെ സംരക്ഷണത്തിനായി മാറ്റിവച്ചിരിക്കുകയാണ് അവർ. ആരോരുമില്ലാതെ തെരുവിൽ കഴിയുന്ന നായകളെ ഡിന്നർ പ്ലേറ്റുകളിലേക്കോ ഉപദ്രവങ്ങൾക്കോ വിട്ടുകൊടുക്കാതെ ദത്തെടുക്കുകയാണ് കിം.

കിം തനിക്ക് മാസം കിട്ടുന്ന ചെറിയ ഒരു തുകയുടെ ഭൂരിഭാഗവും ഇവർക്ക് വേണ്ടി ചെലവഴിക്കുന്നു. ഈ നായക്കുഞ്ഞുങ്ങൾ അറവുശാലകളിൽ എത്തിപ്പെട്ടാലുള്ള അവസ്ഥ തനിക്ക് ഒരിക്കലും താങ്ങാനാവില്ലെന്ന് കിം പറയുന്നു. നായയേയോ പൂച്ചയേയോ ആഹാരമാക്കുന്നത് ഒരു കുറ്റകൃത്യമായി കാണുന്നയാളാണ് താനെന്നും കിം പറയുന്നു. ഇപ്പോൾ വിയറ്റ്നാമിലെ ആളുകൾക്ക് നായകളോടുള്ള സമീപനം മാറുന്നതായും നിരവധി പേർ നായകളെ വളർത്താൻ തയാറാകുന്നുണ്ടെന്നും കിം ചൂണ്ടിക്കാട്ടി.

നായകളെ നടക്കാൻ കൊണ്ടുപോകാൻ പുലർച്ചെ തന്നെ കിം എഴുന്നേൽക്കും. ചിലപ്പോൾ രാത്രിയും അവരെ തെരുവുകളിലൂടെ നടക്കാൻ അനുവദിക്കും. നായകളുടെ നീണ്ട രോമങ്ങൾക്ക് നിറം കൊടുക്കുന്നതും അവരെ സാന്റാക്ലോസിന്റെയും റെയിൻഡീറുകളുടെയും തീമിലുള്ള വസ്ത്രങ്ങൾ അണിയിക്കുന്നതും കിമ്മിന് വളരെ ഇഷ്ടമാണ്.

റിക്ഷയിൽ നായകളുമായി ചുറ്റുന്ന കിം ഹാനോയ്‌യിലെ ജനപ്രിയ കാഴ്ചകളിലൊന്നാണ്. ചിലർ ഇവർക്കൊപ്പമുള്ള ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ചിലരാകട്ടെ നായകൾക്ക് സമ്മാനങ്ങളും നൽകാറുണ്ട്.