key

കിളിമാനൂർ: ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിൽ കാരേറ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റിലെ സ്ഥലംമാറ്റം കിട്ടിയ മാനേജർ പുതിയ മാനേജർക്ക് താക്കോൽ കൈമാറാതെ പോയതോടെ ഉപഭോക്താക്കൾ വലഞ്ഞു. ഇന്നലെ രാവിലെ ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് എത്തിയപ്പോഴാണ് ജീവനക്കാരടക്കം കട തുറക്കാനാകാതെ പൊരിവെയിലിൽ നിൽക്കുന്നത് കണ്ടത്.

ഇവിടെ മാനേജരായിരുന്ന എ. അനിൽകുമാറിനെ സൂപ്പർമാർക്കറ്റിനുള്ളിൽ നടന്ന ക്രമക്കേടുകളെ തുടർന്നും വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്നും സിവിൽ സപ്ലൈസ് വകുപ്പ് കോഴിക്കോട്ടേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. പകരമെത്തിയ മാനേജർക്ക് ചാർജ് കൈമാറാനോ,താക്കോൽ കൈമാറാനോ കൂട്ടാക്കാതെ അനിൽകുമാർ ചികിത്സയ്‌ക്കെന്നും പറഞ്ഞ് മുങ്ങുകയായിരുന്നു. പ്രതിഷേധം കനത്തതോടെ ഉയർന്ന ജീവനക്കാർ സ്ഥലത്തെത്തി പൂട്ട് പൊളിച്ച് സൂപ്പർമാർക്കറ്റ് തുറക്കാൻ തീരുമാനമെടുത്തു.ഇതിനിടയിൽ ഉച്ചയോടെ അനിൽകുമാർ താക്കോൽ കൊടുത്തയച്ചു.

ആരോപണ വിധേയനായ അനിൽകുമാർ ഇതിനകം തന്നെ സമാനക്കേസുകളിൽ ആറുമാസം സസ്‌പെഷൻ അനുഭവിച്ചയാളാണ്. സൂപ്പർമാർക്കറ്റിൽ ക്രമേക്കേട് നടന്നുവെന്ന പരാതിയെതുടർന്ന് ഇക്കഴിഞ്ഞ 21ന് വിജിലൻസ് നടത്തിയ പരിശോധനയിൽ പഞ്ചസാര, ജീരകം, ഉഴുന്ന് തുടങ്ങി നിരവധി സാധനങ്ങൾ കൂടിയ അളവിൽ ഇവിടെ നിന്ന് മറിച്ചുവിറ്റതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു ഇയാളെ സ്ഥലം മാറ്റിയത്.