poovar

ആളും ആരവവുമായി പുതുവർഷപ്പുലരിയെ വരവേല്ക്കാനൊരുങ്ങുകയാണ് പൂവാർ തീരം. നെയ്യാർ നദിയുടെ സംഗമ ഭൂമിയായ പൂവാർ പൊഴിക്കരയാണ് ഇക്കുറി ആഘോഷങ്ങൾക്കായി തയാറെടുക്കുന്നത്. ക്രിസ്മസ്, നവവത്സര ദിനങ്ങൾ ആഘോഷിക്കാൻ വിദേശികളടക്കം ദിവസവും നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ഇപ്പോൾ ഇവിടെ വന്നുപോകുന്നത്.

കോവളം കഴിഞ്ഞാൽ ടൂറിസ്റ്റുകൾ തമിഴ് നാട്ടിലേക്ക് പോകുന്നതിന് മുമ്പുള്ള ഇടത്താവളമാണ് പൂവാർ. 'നെയ്യാർ' ഇവിടെ എത്തുന്നതോടെ 'പൂവാർ' ആകും. ഇത് നാടിന്റെ ചരിത്രം. ലോഡ്ജുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഫ്ലോട്ടിംഗ് റസ്‌റ്റോറന്റുകൾ, ഐസ്ക്രീം പാർലറുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ ഇവിടെ സജീവമായിരിക്കുന്നു. പുതുവർഷം ആഘോഷമാക്കാൻ എത്തുന്ന ടൂറിസ്റ്റുകൾക്കായി ഹോട്ടലുകളും റസ്‌റ്റോറന്റുകളും വർണ്ണവിതാനങ്ങളൊരുക്കുന്ന തിരക്കിലാണ്. ബോട്ടുകൾ മോഡി കൂട്ടി സഞ്ചാരികളെ കാത്തുനിൽക്കുന്നു. ചെറുകച്ചവടക്കാർ കൂടുതൽ വിഭവങ്ങളും സൗകര്യങ്ങളുമൊരുക്കിക്കഴിഞ്ഞു. ബോട്ട് ഡ്രൈവേഴ്സ്, ഹോട്ടൽ തൊഴിലാളികൾ, ടാക്സി, ആട്ടോ ഡ്രൈവേഴ്സ് തുടങ്ങി നൂറുകണക്കിന് തൊഴിലാളികളുടെ കാത്തിരിപ്പ് സഭലമാകുന്ന ദിനങ്ങളാണ് ഇനി വരാൻ പോകുന്നത്.

സഞ്ചാരികൾക്കായി....

സ്വർണ്ണത്തൂമ്പയിൽ നിർമ്മിക്കപ്പെട്ട ചരിത്രപ്രസിദ്ധമായ എ.വി.എം കനാൽ തമിഴ്നാട്ടിലേക്ക് കടന്നു പോകുന്നത്

പൊഴിമുറിയുന്ന പൊഴിയൂരിലെ കുരിശടിയും നദിയിലെ വെള്ളത്തിന് നടുവിൽ ഉയർന്നുനിൽക്കുന്ന എലിഫന്റ് റോക്കും

ബ്രേക്ക് വാട്ടറിലെ നയന മനോഹരമായ കണ്ടൽക്കാടുകളും അവൂർവ്വ സസ്യ, പക്ഷി, ജീവ ജാലങ്ങളും

ടൂറിസ്റ്റുകൾക്കായി കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള ബോട്ട് സവാരി

സഞ്ചാരികളെയും വഹിച്ചുകൊണ്ട് മണൽപ്പരപ്പിലൂടെ കുതിര, ഒട്ടക സവാരി

കരുതൽ വേണം

പൊഴിക്കരയിൽ പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനും, ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ 2 ലൈഫ് ഗാഡുകളും മാത്രമാണുള്ളത്. കൂടാതെ പൂവാർ, പൊഴിയൂർ പൊലീസ് സ്റ്റേഷനുകളും.13 കോസ്റ്റൽ വാർഡന്മാരും. ഇവിടത്തെ പുതുവർഷാഘോഷങ്ങളെ നിയന്ത്രിക്കാൻ കൂടുതൽ കരുതൽ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.