ep-jayarajan

തിരുവനന്തപുരം: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെതിരെയുള്ള പരാതി മൂന്ന് വർഷം മുമ്പ് മുഖ്യമന്ത്രിയുടെയും അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുന്നിലെത്തിയതായി റിപ്പോർട്ടുകൾ. 2019ലാണ് വ്യവസായി കെ പി രമേശ് കുമാർ ഇരുവർക്കും പരാതി നൽകിയത്.

ആയൂർവേദ റിസോർട്ടുമായി ബന്ധപ്പെട്ട് ഇ പി പറ്റിച്ചെന്നും കോടികൾ നഷ്ടമായെന്നുമായിരുന്നു വ്യവസായിയുടെ പരാതി. ആദ്യം കോടിയേരിയെ കണ്ടാണ് പരാതി നൽകിയത്. ആരോഗ്യപ്രശ്നങ്ങളും മറ്റുംകൊണ്ട് അദ്ദേഹത്തിനത് ഫലപ്രദമായി കൈകാര്യം ചെയ്യാനായില്ല.

തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി കണ്ണൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിനിടെ ഇ പി ജയരാജൻ ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയതായും പറയപ്പെടുന്നു. മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല നിലപാടുണ്ടാകാതെ വന്നതോടെയാണ് പരാതിക്കാരൻ മറ്റ് മാർഗങ്ങൾ സ്വീകരിച്ചതെന്നാണ് വിവരം.