soldier

അഹമ്മദാബാദ്: മകളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ചോദ്യം ചെയ്തതിന് ബിഎസ്എഫ് ജവാനെ പ്രതിയുടെ ബന്ധുക്കൾ അതിക്രൂരമായി അടിച്ചുകൊലപ്പെടുത്തി. ഗുജറാത്തിലെ നഡിയാദിലെ ചഖലാസിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മെല്ജിഭായ് വഗേല എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു.

മകളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനാണ് മെല്ജിഭായ് വഗേല പെൺകുട്ടിയുടെ സഹപാഠിയായ 15കാരന്റെ വീട്ടിലെത്തിയത്. ഭാര്യയും രണ്ട് ആൺമക്കളും അനന്തരവനും ഒപ്പമുണ്ടായിരുന്നു. തുടർന്ന് വിഷയം സംസാരിക്കുന്നതിനിടെ പ്രതിയുടെ ബന്ധുക്കളുമായി തർക്കമുണ്ടാവുകയും അവർ സംഘം ചേർന്ന് മെല്ജിഭായിയെ മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മെല്ജിഭായ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇയാളുടെ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു.