
ന്യൂഡൽഹി: ചാൻസലർ ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. രാജ്ഭവൻ സ്റ്റാൻഡിംഗ് കോൺസലിനോടാണ് ഗവർണർ നിയമോപദേശം തേടിയത്. ജനുവരി മൂന്നിന് ഗവർണർ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷമായിരിക്കും വിഷയത്തിൽ തുടർനടപടി സ്വീകരിക്കുക.
നിയമസഭ പാസാക്കിയ നിയമം നിലനിൽക്കുമോയെന്ന് പരിശോധിക്കാനാണ് നിയമോപദേശം. പതിനാല് സർവകലാശാലകളിലെയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ളതാണ് ബിൽ. ഗവർണർ ബിൽ തിരിച്ചയക്കുകയോ, ഇതിൽ തീരുമാനം നീട്ടിക്കൊണ്ടുപോകുകയോ, രാഷ്ട്രപതിയ്ക്ക് അയക്കുകയോ ചെയ്‌തേക്കും.
പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർത്താണ് കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കിയത്. ഉന്നത വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലുള്ളതാണെന്നും സര്‍വകലാശാല ഭേദഗതി നിയമത്തിന് കേന്ദ്രത്തിന്റെ അനുമതി വേണമെന്നും ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു.