thief

മുംബയ്: കവർച്ചയുടെ തെളിവ് നശിപ്പിക്കാൻ സിസിടിവി ക്യാമറകൾ മോഷ്ടിച്ച് കള്ളൻമാർ. മഹാരാഷ്ട്രയിലെ ജൽനയിൽ ഇന്നലെ അതിരാവിലെയാണ് സംഭവം. മൊത്തവ്യാപാര തുണിക്കടയിലാണ് മോഷണം നടന്നത്.

ഇവിടെനിന്ന് 1.70 കോടി രൂപ കളവ് പോയിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി മോഷ്ടാക്കൾ കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ കൂടി കവർന്നതായി പൊലീസ് പറയുന്നു. കട തുറക്കുന്നതിനായി എത്തിയ ഉടമ മഹേഷ് നതാനിയാണ് മോഷണവിവരം ആദ്യം അറിയുന്നത്. പണം സൂക്ഷിച്ചിരുന്ന സേഫ് തുറന്ന നിലയിലായിരുന്നു കാണപ്പെട്ടത്. അതിലെ പണവും നഷ്ടമായിരുന്നു. എന്നാൽ കടയുടെ പൂട്ടോ മറ്റോ തകർത്തതിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. എസി സ്ഥാപിച്ചിരുന്ന സ്ഥലത്തൂടെയാകാം മോഷ്ടാക്കൾ അകത്തെത്തിയതെന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്.

വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. മോഷ്ടാക്കൾ കൈക്കലാക്കാത്ത മറ്റൊരു സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.