jayarajan

കണ്ണൂർ: റിസോർട്ട് വിവാദത്തിനിടയിൽ കണ്ണൂരിൽ കെ എസ് ടി എ പരിപാടിയിൽ പങ്കെടുത്ത് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. വിവാദ വിഷയത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാർട്ടിയുടെയും ഭരണത്തിന്റെയും നേട്ടങ്ങളാണ് പ്രസംഗത്തിൽ എണ്ണിയെണ്ണി പറഞ്ഞത്.


പരസ്യ പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും, പല സംരംഭങ്ങൾക്കും നേതൃത്വം വഹിച്ചിട്ടുണ്ടെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സമ്മതിച്ചു. കണ്ടൽപാർക്കും വിസ്മയ പാർക്കും ഉൾപ്പടെ പല സംരംഭങ്ങൾക്കും മുൻകൈയെടുത്തിട്ടുണ്ട്. ആയൂർവേദ സ്ഥാപനം നടപ്പാക്കാൻ പറ്റുന്ന ആളുകളെ ഒരുമിപ്പിച്ചു. കൂടുതലൊന്നും പറയാനില്ലെന്നും ജനങ്ങൾ എല്ലാം മനസിലാക്കുമെന്നും ഇ പി വ്യക്തമാക്കി.

അതേസമയം, വിവാദത്തിൽ അന്വേഷണം വേണമെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി ആവശ്യപ്പെട്ടു. ഇപി ജയരാജന്റെ ചിറകരിയാൻ തീരുമാനിച്ചത് പിണറായിയാണെന്നും, പരാതി പിണറായിയുടെ നിർദേശപ്രകാരമാണെന്നും ഷാജി പറഞ്ഞു.

ഇ പി ജയരാജനെതിരായ ആരോപണം കേവലം ഉൾപാർട്ടി തർക്കമല്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു. മന്ത്രിയായിരുന്ന കാലത്ത് നടത്തിയ അഴിമതിയാണിപ്പോൾ പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.