
തൃശൂർ: വഴിയരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. തൃശൂർ പുറ്റേക്കര വലിയപുരക്കൽ വീട്ടിൽ കുഞ്ഞിരാമന്റെ മകൻ അരുൺ കുമാർ (38) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ പുറ്റേക്കര സ്കൂളിന് സമീപമുള്ള ഇടവഴിയിലാണ് മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റ നിലയിൽ അരുണിനെ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. പരിക്കേറ്റ് കിടന്ന വഴിയിലൂടെ വാഹനങ്ങൾ വരാൻ സാദ്ധ്യതയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം കൊലപാതകമാണെന്ന സംശയം ഉയർന്നിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പേരാമംഗലം പൊലീസ് അറിയിച്ചു.