
ചന്ദാ കൊച്ചാർ, പത്മഭൂഷൺ നൽകി രാജ്യം ആദരിച്ച സ്ത്രീരത്നം, പെൺകുട്ടികൾക്ക് പഠിക്കുവാനും, ഉന്നത ഉദ്യോഗം നേടാനുമുള്ള സ്വപനങ്ങൾക്ക് പ്രചോദനം നൽകിയ വ്യക്തിത്വം. എന്നാൽ മാദ്ധ്യമങ്ങളിൽ സെലിബ്രിറ്റി സിഇഒ എന്ന അലങ്കാരത്തിൽ നിന്നും, ഫോർബ്സ്, ഫോർച്യൂൺ എന്നീ കവർപേജുകളിൽ നിന്നും ചന്ദാ കൊച്ചാർ വന്നുവീണത് കുറ്റകൃത്യങ്ങളുടെ വാർത്തകളിലായിരുന്നു. രാജ്യത്തെ റീട്ടെയിൽ ബാങ്കിംഗ് വിപ്ലവത്തിന് തുടക്കം കുറിച്ച, ഐസിഐസിഐ ബാങ്കിനെ രാജ്യത്തെ സ്വകാര്യ മേഖലയിലെ വലിയ വായ്പാ ദാതാവായി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച ചന്ദാ കൊച്ചാറിന് പറ്റിയ അബന്ധം വീഡിയോകോൺ ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾക്ക് വായ്പ അനുവദിച്ചതിലുണ്ടായ പിഴവായിരുന്നു.
പടി പടിയായി ഉയർച്ച
1984ൽ ഐസിഐസിഐ ബാങ്കിൽ മാനേജ്‌മെന്റ് ട്രെയിനിയായിട്ടായിരുന്നു കൊച്ചാർ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അന്നത്തെ ഗ്രൂപ്പ് ചെയർമാനായിരുന്ന കെ വി കാമത്തിന്റെ പ്രിയങ്കരിയായ കൊച്ചാർ പടി പടിയായി ബാങ്കിന്റെ ഉന്നതങ്ങളിലേക്ക് എത്തപ്പെട്ടത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. 2009ൽ കാമത്തിന്റെ പിൻഗാമിയായി മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവായും കൊച്ചാർ തിരഞ്ഞെടുക്കപ്പെട്ടു. ഈ സംഭവം സീനിയറായ മുൻ ആക്സിസ് ബാങ്ക് മേധാവി ശിഖ ശർമ്മയുടെ പുറത്താവുന്നതിനും കാരണമായി.
എന്നാൽ 2018ൽ ആ യാത്രയ്ക്ക് വിരാമം ഇട്ടത് വീഡിയോകോൺ ഗ്രൂപ്പിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു. ഇതിന് വഴിമരുന്നിട്ടത് 2015ലെ ഒരു ആർബിഐ അവലോകന റിപ്പോർട്ടാണ്. വീഡിയോകോണിന് വായ്പ നൽകിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ബോർഡ് നിർബന്ധിതരായതിനെ തുടർന്ന് അവർ അനിശ്ചിതകാല അവധിയിൽ പ്രവേശിച്ചു.
ചന്ദാ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറും വീഡിയോകോൺ മേധാവി വേണുഗോപാൽ ദൂതും തമ്മിലുള്ള ബിസിനസ് ഇടപാടുകളും വിവാദമായി. വീഡിയോകോൺ ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾക്ക് ഐസിഐസിഐ ബാങ്ക് അനുവദിച്ച വായ്പയിൽ തട്ടിപ്പും ക്രമക്കേടും ആരോപിച്ച് ചന്ദ കൊച്ചാറിനെ ഭർത്താവ് ദീപക്കിനൊപ്പം സിബിഐ അറസ്റ്റ് ചെയ്തതോടെ ചന്ദാ കൊച്ചാറിന്റെ ഏറെ പേർക്ക് പ്രചോദനാത്മകമായ കരിയറിനും അന്ത്യം കുറിക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 20 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വീഡിയോകോണിന് ലഭിച്ച 40,000 കോടിയുടെ വായ്പയിൽ ചന്ദ കൊച്ചാർ തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. ചന്ദ കൊച്ചാർ ഐ സി ഐ സി ഐ സി ഇ ഒ ആയിരുന്നപ്പോൾ വീഡിയോകോൺ ഗ്രൂപ്പിന് അനുവദിച്ചത് 3,000 കോടിയിലധികം രൂപയുടെ വായ്പയായിരുന്നു.