
ലോകസമ്പന്നരിൽ രണ്ടാമനായ ഇലോൺ മസ്‌കും അദ്ദേഹം തന്റെ കമ്പനികൾ നടത്തികൊണ്ടുപോകുന്ന രീതികളും ഏറെ ശ്രദ്ധനേടുകയാണ്. ട്വിറ്റർ ഏറ്റെടുത്തത് മുതൽ മസ്‌ക് ലോകമൊട്ടാകെ ചർച്ചാവിഷയമായി മാറിയിരുന്നു. ഇപ്പോഴിതാ മസ്കിന്റെ വിചിത്രമായ രീതികളാണ് മാദ്ധ്യമങ്ങളിൽ ഇടം നേടുന്നത്.
ട്വിറ്റർ കൂടുതൽ ലാഭകരമാക്കുന്നതിനായി ഓഫീസ് ഇടങ്ങൾ ബെഡ്‌റൂമുകളാക്കി മാറ്റിയതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌കിന്റെ വിചിത്ര രീതികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ട്വിറ്റർ ആസ്ഥാനത്തെത്തുന്ന സന്ദർശകരെ മണിക്കൂറുകളോളം മസ്‌ക് കാത്തിരിപ്പിക്കും. തന്നെ സന്ദർശിക്കാനെത്തുന്നവരെ കെട്ടിടത്തിന്റെ പത്താം നിലയിലെ കോൺഫറൻസ് ഹാളിലാണ് ഇരുത്തുന്നത്. മസ്‌ക് സംസാരിക്കുന്നതിന് മുൻപായി ഇവർ സംസാരിക്കാൻ പാടില്ലെന്ന നിർദേശവുണ്ട്. മീറ്റിംഗുകൾക്കിടയിൽ മസ്‌ക് യുട്യൂബ് വീഡിയോകൾ കാണാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ തൊഴിലാളികൾ വൻ തിരിച്ചടികളാണ് നേരിടുന്നത്. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ നിരവധി തൊളിലാളികളെ പിരിച്ചുവിട്ടു. ഇതിൽ മസ്‌കിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്തവരും ഉൾപ്പെടുന്നു. ട്വിറ്റർ പോസ്റ്റിലൂടെ മസ്‌ക് ഒരു തൊഴിലാളിയെ പുറത്താക്കിയത് ഏവരെയും ഞെട്ടിച്ചിരുന്നു. തനിക്കെതിരെ ചാറ്റ് ചെയ്ത തൊഴിലാളികളെ മസ്‌ക് പുറത്താക്കിയതായും വിവരമുണ്ട്.
തൊഴിലാളികൾക്ക് ലഭിച്ചിരുന്ന അനേകം ആനുകൂല്യങ്ങളും മസ്‌ക് എടുത്തുകളഞ്ഞിരുന്നു. സൗജന്യ ഉച്ചഭക്ഷണം നിർത്തലാക്കിയതാണ് ഇവയിൽ ഒന്ന്. മാത്രമല്ല ഓഫീസിലെ അടുക്കള വസ്തുക്കൾ, കസേരകൾ, മേശകൾ തുടങ്ങിയവ ലേലം ചെയ്യുകയാണ് മസ്‌ക് ഇപ്പോൾ. കൊവിഡ് സമയത്ത് നടപ്പിലാക്കിയ വർക്ക് ഫ്രം ഹോം രീതിയും നിർത്തലാക്കി. ഓഫീസിലേയ്ക്ക് തിരിച്ചെത്താൻ നിർദേശം നൽകിയ മസ്‌ക് പാലിക്കാത്തവർ ജോലി ഒഴിയാം എന്നും അറിയിച്ചിരിക്കുകയാണ്.