santa-clause

ക്രിസ്‌മസ് കാലഘട്ടത്തിൽ ഏറ്റവുമധികം ഉച്ഛരിക്കുന്ന പേര് സാന്റാ ക്ളോസ് എന്നാണ്. കുട്ടികൾക്ക് ആ പേര് കേൾക്കുമ്പോൾ തന്നെ ഉണ്ടാകുന്ന വികാരം സന്തോഷം എന്നല്ലാതെ മറ്റൊന്നുമല്ല. കാരണം അവർക്ക് കൈനിറയെ സമ്മാനങ്ങളുമായി എത്തുന്ന സാന്റായെ സന്തോഷത്തോടെയല്ലാതെ എങ്ങനെയാണ് കുട്ടികൾ ഓർക്കേണ്ടത്. ക്രിസ്‌മസ് ചരിത്രത്തിൽ സാന്റായ‌്‌ക്ക് നിരവധി പേരുകളുണ്ട്. ക്രിസ്‌മസ് ഫാദർ, സെന്റ് നിക്കോളസ്, സെന്റ് നിക്ക്, ക്രിസ് ക്രിംഗിൾ എന്നിങ്ങനെയാണത്.

തുർക്കിയിലെ പട്ടാരയിൽ എ.ഡി 280ൽ ആണ് സെന്റ് നിക്കോളസ് ജനിച്ചതെന്നാണ് കഥകളിൽ പ്രതിപാദിച്ചിട്ടുള്ളത്. അതീവ സമ്പന്നനായ നിക്കോളസ് പാവങ്ങൾക്ക് തന്റെ സ്വത്തുക്കൾ ദാനം ചെയ്യാനാണ് ക്രിസ്മസ് രാത്രിയിൽ എത്തുന്നതെന്നും കഥയുണ്ട്. ഡിസംബർ ആറിന് സെന്റ് നിക്കോളസ് ദിനമായും പാശ്ചാത്ത്യർ ആഘോഷിക്കുന്നു.

അടുത്തിടെ ചില പുരാവസ്‌തു ഗവേഷകർ ശ്രദ്ധേയമായ ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ്. സാന്റാ ക്ളോസ് എന്ന നിക്കോളസ് സാങ്കൽപിക കഥാപാത്രമല്ല മറിച്ച് ജീവിച്ചിരുന്നയാൾ എന്നുതന്നെയാണ് ഇവർ പറയുന്നത്. തുർക്കിയിലെ ഒരു പള്ളിക്കടിയിൽ നിന്നും സെന്റ് നിക്കോളസിന്റെ ശവ കുടീരം കണ്ടെത്തി എന്നാണ് ശസ്‌‌ത്രജ്ഞർ പറയുന്നത്. യേശുവിന്റെ ചുമർചിത്രത്തിന് താഴെയായിട്ടാണ് ശവകുടീരം കണ്ടെത്തിയിട്ടുള്ളതെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

ഇതുവരെയുള്ള പഠനങ്ങളിൽ നിക്കോളസിനെ മൈറയിലെ ഒരു പള്ളിയിലാണ് അടക്കം ചെയ‌്തതെന്നാണ് കണ്ടെത്തിയിരുന്നത്. എ.ഡി നാലാം നൂറ്റാണ്ടിലായിരുന്നു അത്. എന്നാൽ മരണത്തിന് 700 വർഷങ്ങൾക്ക് ശേഷം സാന്റായുടെ അവശേഷിപ്പുകൾ മോഷണം പോയി എന്ന വാദഗതിയും പരക്കെ നിലനിൽക്കുന്നുണ്ട്.