
മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ ടി ജി രവി. വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും സൗഹൃദത്തിൽ മാറ്റം വരുത്താത്ത വ്യക്തിയാണ് മമ്മൂട്ടിയെന്ന് രവി ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ദ പ്രീസ്റ്റിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചു. മമ്മൂട്ടി വരുമ്പോൾ അദ്ദേഹത്തോട് സംസാരിക്കാൻ പല ആൾക്കാരും പോകും. ഞാൻ ചെന്നപ്പോൾ വാ ഇരിക്കടോ എന്ന് പറഞ്ഞു. ഇദ്ദേഹത്തിനൊപ്പം എല്ലാവരും ഉണ്ടാകുമ്പോൾ ഞാൻ നിങ്ങൾ എന്നും പറഞ്ഞിട്ടാണ് സംസാരിക്കാറ്. അങ്ങനെ സംസാരിച്ചൊക്കെ കഴിഞ്ഞ് പോയി. പുള്ളി ഒരു ദിവസം എന്നെ കാരവാനിലേക്ക് വിളിപ്പിച്ചു. ചെന്നയുടൻ എന്നോട് ചോദിച്ചു, താനെന്ന് മുതലാടോ എന്നെ നിങ്ങൾ, നിങ്ങൾ എന്ന് സംബോധന ചെയ്യാൻ തുടങ്ങിയത്.
ഞാൻ സിനിമയിൽ നിന്ന് വിട്ടുപോകുന്നതിന് മുമ്പ് നമ്മൾ ഒന്നിച്ചുണ്ടായിരുന്നു. എടോ, താൻ എന്നൊക്കെ നമ്മൾ സംസാരിക്കാറുണ്ട്. ഇന്ന് ഞാൻ നിൽക്കുന്ന സ്ഥിതിയിൽ നിങ്ങൾ ഒരുപാട് മേലെയാണ്, ജനങ്ങളുടെ മുന്നിൽ പ്രത്യേകിച്ചും. അവരൊക്കെ ഇരിക്കുമ്പോൾ എടോ എന്നൊക്കെ വിളിക്കുന്നത് ശരിയല്ലെന്ന് തോന്നിയെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം ചിരിച്ചു.
അത് എനിക്ക് വലിയൊരു പാഠമായിരുന്നു. കാരണം അദ്ദേഹമത് ചോദിക്കണമെങ്കിൽ നേരത്തെ ഉണ്ടായിരുന്ന സൗഹൃദത്തിൽ മാറ്റം വന്നോ എന്ന് അദ്ദേഹത്തിന് തോന്നിയിട്ടാകാം. ഏറ്റവും അടുത്ത, ആത്മാർത്ഥതയുള്ള സുഹൃത്തിന്റെ മനസിലെ ചിന്തയല്ലേ അത്. ഈ ചോദ്യത്തോടെ പുള്ളിയോടുള്ള സൗഹൃദം കൂടി.'- ടിജി രവി പറഞ്ഞു.