
കൊവിഡ് വ്യാപനം രൂക്ഷമായ ചൈനയിൽ 16നും 24നും ഇടയിൽ പ്രായമുള്ള 20 ദശലക്ഷം ആളുകൾക്ക് ജോലി ഇല്ലെന്ന് റിപ്പോർട്ടുകൾ. ചൈനയിലെ വലിയ കമ്പനികളിൽ നിന്നും തൊഴിലാളികളെ കൂട്ടത്തോടെ പറഞ്ഞ് വിടുന്നതാണ് തൊഴിലില്ലായ്മ രൂക്ഷമാക്കുന്നത്. ഇതോടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടക്കുന്നതായും സൂചനയുണ്ട്. ഗ്രാമങ്ങളിലെ തൊഴിലില്ലാത്ത യുവാക്കളുടെ കണക്കെടുത്താൽ അത് 107 ദശലക്ഷത്തിനും മുകളിലുണ്ടാവുമെന്നാണ് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നത്.
ചൈനയിൽ പ്രവർത്തിക്കുന്ന മുൻനിര കമ്പനികൾ ഇപ്പോൾ തങ്ങളുടെ ജീവനക്കാരെ പിരിച്ച് വിടുന്നതിൽ ശ്രദ്ധ ചെലുത്തുകയാണ്. പ്രവർത്തന ലാഭം ഇടിഞ്ഞതും, ഡിമാന്റ് കുറഞ്ഞതുമാണ് കാരണം. രാജ്യം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നതും തൊഴിലില്ലായ്മ രൂക്ഷമാക്കുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ കാരണം അഞ്ചിൽ ഒരാൾക്ക് ജോലിയില്ലാത്ത അവസ്ഥയാണ്. അടുത്തിടെ ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളിൽ ഒന്നായ ഷവോമി ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. പത്ത് ശതമാനം പേരെയാണ് കമ്പനി ഒഴിവാക്കിയത്.
അടുത്ത വർഷത്തോടെ ചൈനയിലെ തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമായേക്കും. 1.6 ദശലക്ഷം കോളേജ് ബിരുദധാരികൾ കൂടി പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നതോടെയാണിത്. ഹോങ്കോംഗ് പോസ്റ്റ് നൽകുന്ന റിപ്പോർട്ട് പ്രകാരം തൊഴിലില്ലായ്മ 15.3 ശതമാനത്തിൽ നിന്ന് കഴിഞ്ഞ ഏപ്രിലിൽ 18.2 ശതമാനമായി ഉയർന്നു. ഇപ്പോൾ ഇത് 19.9 ശതമാനത്തിലെത്തി. നാല് പതിറ്റാണ്ടിനിടെ യുവാക്കളുടെ ഏറ്റവും മോശമായ തൊഴിൽ പ്രതിസന്ധിക്കാണ് ചൈന സാക്ഷിയാവുന്നത്.