jayarajan-

സി പി എമ്മിന്റെ ഉരുക്ക് കോട്ടയായ കണ്ണൂരിൽ മുതിർന്ന രണ്ട് നേതാക്കൻമാർക്ക് ഇടയിലെ പ്രശ്നങ്ങൾ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. പി ജയരാജനും, ഇ പി ജയരാജനും തമ്മിലുള്ള എതിർപ്പ് മറനീക്കി പുറത്ത് വരുമ്പോൾ ഇതിനെല്ലാം പിന്നിൽ ഒളിഞ്ഞിരിക്കുന്നവരെ കുറിച്ച് സൂചന നൽകുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ആസാദ്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ പങ്കുവച്ചിരിക്കുന്നത്. ജയരാജന്മാരെ ഒന്നിച്ചൊതുക്കാതെ രക്ഷയില്ലെന്നു കരുതുന്നവർ കളി പഠിച്ചവരാണെന്നാണ് ആസാദ് വിശേഷിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


ഒരു വെടിക്ക് ഒന്നിലേറെ പക്ഷികളെ ലക്ഷ്യമിടുന്നുണ്ടാവണം കണ്ണൂരിലെ ഒളിഞ്ഞു നിൽക്കുന്ന വെടിക്കാർ. കോടിയേരി പോയതോടെ കണ്ണൂരിന്റെ നേതൃശബ്ദം ശശിയിലെത്തിയാലേ അവർക്കു സമാധാനമാവൂ.
പരാതി ഉന്നയിക്കുന്നവർക്കെല്ലാം സി പി എമ്മിൽ ഒരു വിധിയേ കണ്ടിട്ടുള്ളു. പി ജയരാജനും അങ്ങനെയൊരു കരുവാകാം. പരാതിക്ക് ഇരയായവരും ചിലപ്പോഴൊക്കെ മേലാവിലെ ഇംഗിതത്തിനുസരിച്ച് ശിക്ഷിക്കപ്പെട്ട ചരിത്രവുമുണ്ടല്ലോ. ജയരാജന്മാരെ ഒന്നിച്ചൊതുക്കാതെ രക്ഷയില്ലെന്നു കരുതുന്നവർ കളി പഠിച്ചവരാണ്. സമരസപ്പെട്ട് കൈകുലുക്കി ഈ ബഹളം ഒതുങ്ങിയാലും ഇ പിയും പിയും തലപൊക്കാനാവാത്ത സ്ഥിതിയിലാവും. പുണ്ണുമാന്തി വ്രണമാക്കിയത് കലയായെങ്കിലും ദേഹത്തു കാണും. എം വി താളത്തിനു നിൽക്കും. ജയരാജയുഗം ഉച്ചയിലെത്താതെ അസ്തമിക്കും. കണ്ണൂരിൽ പുതിയ (പഴയ) അവതാരം ഭരിക്കും. അയാൾ പ്രീതിപ്പെട്ടവനാണ്. കളങ്കസീമകളേതും കടന്നവനാണ്.
ഏതായാലും തലസ്ഥാനത്തു തന്നെയാണ് തല. ഈ കൊടുങ്കാറ്റ് ചായക്കോപ്പയിൽ പകർന്നുതുടങ്ങിയേ ഉള്ളു. കാത്തിരിപ്പിൻ!


ഇതൊക്കെ കൊട്ടാരം ലീലകൾ. കമ്യൂണിസ്റ്റ് പാർട്ടിയിലെ 'തെറ്റും തിരുത്തും' എന്നു കരുതി ആവേശം കൊള്ളുന്നവർ കാണും. തിരുത്തും തെറ്റെങ്കിൽ തെറ്റുകൊണ്ട് നേടിയതൊക്കെ ഉപേക്ഷിക്കേണ്ടിവരും. അത്രത്തോളം പോകാനാവമോ? ഉപേക്ഷിക്കാവുന്നതു പാർട്ടി മാത്രമാണ്. സജീവ പ്രവർത്തനം നിർത്തി വേറെ ബിസിനസ് നോക്കിപ്പോയ സംസ്ഥാന നേതാക്കളും കണ്ണൂരിലുണ്ടല്ലോ. ഏതു ബിസിനസ്സാണ് ലാഭമെന്ന് അവർ പറയും.