
ഗോഹട്ടി : ആസാമിലെ ജോർഹട്ട് ജില്ലയിൽ തിങ്കളാഴ്ച പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കുൾപ്പടെ 13 പേർക്ക് പരിക്കേറ്റു. ചെനിജാൻ മേഖലയിലെ റെയിൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ കാമ്പസിലാണ്പുള്ളിപ്പുലിയെ കണ്ടെത്തിയത്. തുടർന്ന് പരിസരവാസികൾ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. ഇവിടെയുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പത്തോളം പേരെ പുലി ആക്രമിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച പുലി ഓടിമറഞ്ഞു.
#leopard inside campus of RFRI, #Jorhat #Assam pic.twitter.com/3bQzhWDJK2
— Ibrahim (@Ibrahimrfr) December 26, 2022
മുള്ളുവേലിക്ക് മുകളിലൂടെ പുലി റോഡിലേക്ക് എടുത്തുചാടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുള്ളുവേലിക്ക് മുകളിലൂടെ ചാടിയെത്തിയ പുലി ഒരു വാഹനവുമായി കൂട്ടിമുട്ടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. പുലിയെ പിടികൂടാൻ പലതവണ ശ്രമിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഈ പ്രദേശം വനത്താൽ ചുറ്റപ്പെട്ടതാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. പുലിയെ പിടികൂടുന്നത് വരെ പ്രദേശവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്.