നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടനാണ് സുധീർ സുകുമാരൻ. വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്യാൻ വളരെ പാടാണെന്ന് അദ്ദേഹം പറയുന്നു. 'ചെയ്യുന്ന കഥാപാത്രം നന്നാക്കുകയെന്നതാണ് അഭിനേതാവിന്റെ കടമ. ജീവിതത്തിൽ ഭയങ്കര കോമഡിയാണ് ഞാൻ. മലയാളം വിട്ട് വേറെ ഭാഷയിലേക്ക് പോകാൻ എനിക്ക് താത്പര്യമില്ല. ഹിന്ദിക്കാരുടെ രൂപമുള്ളതുകൊണ്ട് നാടൻ കഥാപാത്രങ്ങൾ തരാൻ ആളുകൾക്ക് മടിയാണ്.'- അദ്ദേഹം വ്യക്തമാക്കി.
'എനിക്ക് പുറത്തിറങ്ങി നടക്കാം. ആരും തിരിച്ചറിയാറില്ല. ഇയാളെ എവിടെയോ കണ്ട് പരിചയമുണ്ടെന്നല്ലാതെ, ആരാണെന്നറിയത്തില്ല പലർക്കും. എൺപത് പടങ്ങളിലും എൺപത് രൂപങ്ങളിലാണ് ഞാൻ വന്നിട്ടുള്ളത്.' - സുധീർ പറഞ്ഞു.
അസുഖത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. 'അസുഖം വരിക എന്ന് പറഞ്ഞാൽ ആർക്കും സംഭവിക്കാം. നൂറിൽ രണ്ട് പേർക്ക് കാൻസർ കാണും.അസുഖം വരാം. അതിന് നമ്മൾ എങ്ങനെ ഫൈറ്റ് ചെയ്യുന്നെന്നാണ്. പിന്നെ ഞാൻ ഭയങ്കര ഹെൽപിംഗ് മെന്റാലിറ്റി ഉള്ളയാളാണ്. എന്നെ കൂടുതൽ ഉപദ്രവിച്ചിട്ടുള്ളത് ഞാൻ സഹായിച്ചിട്ടുള്ളവരാണ്. ഒട്ടുമിക്കയാളുകൾക്കും അത് തന്നെയായിരിക്കും അനുഭവം. യാതൊരു സംശയവുമില്ല.
ആരെ കൂടുതൽ സഹായിക്കുന്നോ അവർ കൂടുതൽ ശത്രുവായി മാറുമെന്നാണ് എന്റെ അനുഭവം. കുഞ്ഞുന്നാൾ മുതൽ വിവാദങ്ങൾ എന്റെ കൂടപ്പിറപ്പാണ്. നാളിന്റെ ആണോന്നറിയില്ല, ചീത്തപ്പേര് നന്നായി കേട്ടിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും ചെയ്താൽ എന്റെ തലയ്ക്ക് വരും. ഞാൻ അറിഞ്ഞൊരു ഉപകാരം ചെയ്താൽ തിരിഞ്ഞുകൊത്തും. എന്നെ അറസ്റ്റ് ചെയ്‌തെന്ന് പറഞ്ഞിട്ട് ഞാൻ ടിവിക്കകത്ത് കണ്ടിട്ടുണ്ട്. എന്നെ ആരും അറസ്റ്റ് ചെയ്തിട്ടൊന്നുമില്ല.'- താരം വെളിപ്പെടുത്തി.
സ്ത്രീകൾ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാൻ വേണ്ടിയാണെന്നും നടൻ പറയുന്നു. 'ലേഡീസ് ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാൻ വേണ്ടിയാണ്. പെണ്ണുങ്ങളെയും കാണിക്കും, ഒരുപരിധിവരെ. പക്ഷേ ഒരു പെണ്ണ് നന്നായി ഒരുങ്ങി വന്നാൽ മറ്റൊരു പെണ്ണിന് അസൂയയേ ഉണ്ടാകത്തുള്ളൂ. നന്നായിട്ടുണ്ടെന്ന് പറയുമ്പോഴും ഉള്ളിന്റെയുള്ളിൽ കുശുമ്പ് കാണും. അതാണ് പെണ്ണ്. രണ്ട് മല എന്നുള്ള പഴഞ്ചൊല്ലുണ്ട്. അതിവിടെ പറയുന്നില്ല. ഒരു പെണ്ണ് ഒരുങ്ങുന്നത് വേറൊരു പെണ്ണിന് ഇഷ്ടമല്ല. പക്ഷേ ആണിന് ഇഷ്ടമാണ്. എന്നെപ്പോലുള്ള വായ്‌നോക്കികൾ അതുനോക്കും, ആസ്വദിക്കും. അങ്ങനെ ആസ്വദിച്ചില്ലെങ്കിൽ പെണ്ണില്ല. ഓ ആ സുധീർ ഉണ്ടല്ലോ എന്ത് വായിനോക്കിയാണെന്ന് ആൾക്കാർ പറയും.'- നടൻ പറഞ്ഞു.