
കോഴിക്കോട്: സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയും, തട്ടിയെടുക്കാൻ ശ്രമിച്ച സംഘവും പിടിയിൽ. സുൽത്താൻ ബത്തേരി സ്വദേശിനി ഡീന (30), കോഴിക്കോട് സ്വദേശികളായ മുഹമ്മദ് സഹദ് (24), മുഹമ്മദ് ജംനാസ് (36) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
146 ഗ്രാം സ്വർണവുമായി ദുബായിൽ നിന്നാണ് യുവതിയെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി വാഹനത്തിൽ കയറി പോകുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. വയനാട് സ്വദേശി സുബൈറിന് വേണ്ടിയാണ് സ്വർണം കൊണ്ടുവന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
സ്വർണം കൊണ്ടുവരുന്നതിന് മുമ്പ് തന്നെ തട്ടിയെടുക്കാനെത്തിയ സംഘവുമായി ഡീന ധാരണയിലെത്തിയിരുന്നു. വിപണിയിൽ എട്ട് ലക്ഷം രൂപ വിലവരുന്ന സ്വർണം തട്ടിയെടുത്ത്, വിറ്റുകിട്ടുന്ന സ്വർണം വീതിച്ചെടുക്കാനായിരുന്നു ഇവരുടെ പദ്ധതി. ഡീന ഇതിനുമുൻപും സ്വർണം കടത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. പ്രതികളെ പിന്തുടർന്ന് പിടികൂടി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കാൻ തയ്യാറായില്ല. പിന്നീട് ലഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണം കടത്തിയ പത്തൊൻപതുകാരിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.