
മൈസൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദിയ്‌ക്കും കുടുംബത്തിനും വാഹനാപകടത്തിൽ പരിക്ക്. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 2 മണിയോടെ കർണാടകയിൽ മൈസൂരുവിനടുത്താണ് സംഭവം. പ്രഹ്ളാദ് മോദി, ഭാര്യ, മകൻ,മരുമകൾ, പേരക്കുട്ടി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ബന്ദിപുരയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് എസ്‌യുവി ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
പ്രഹ്ളാദ് മോദിയുടെ വാഹനത്തോടൊപ്പം കോൺവോയ് വാഹനങ്ങളുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരക്കുട്ടിയ്‌ക്ക് കാലിൽ ഒടിവുണ്ടെന്നാണ് വിവരം. അപകടത്തിൽ കാറിന്റെ മുൻവശത്തിന് സാരമായ തകരാറുണ്ട്. പ്രഹ്ളാദ് മോദിയെയും കുടുംബത്തെയും മൈസൂരുവിലെ ജെഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.