
പട‌്ന: അമ്മയുടെ ആഗ്രഹം നടപ്പിലാക്കാൻ ആശുപത്രിയിലെ ഐ സി യുവിൽ വിവാഹം കഴിച്ച് യുവതി. ബിഹാറിലെ ഗയയിലെ മജിസ്ട്രേറ്റ് ആശുപത്രി ഐ സി യുവിലാണ് സംഭവം. നിറകണ്ണുകളോടെ ആ ചടങ്ങ് കണ്ടു നിന്ന അമ്മ, വിവാഹ ശേഷം മണിക്കൂറിനകം മരണത്തിന് കീഴടങ്ങി.
ബാലി ഗ്രാമവാസിയായ ലാലൻ കുമാറിന്റെ മകൾ ചാന്ദ്നിയാണ് അത്യാസന്ന നിലയിൽ ചികിത്സയിലുള്ള അമ്മ പൂനം കുമാരി വർമ്മയുടെ മുന്നിൽ വച്ച് താലി ചാർത്തിയത്. കൊവിഡാനന്തരം ഹൃദയരോഗം കലശലായ പൂനം കുമാരി കുറച്ചു നാളായി ആശുപത്രിയിലായിരുന്നു. പൂനത്തിന്റെ അവസ്ഥ വളരെ മോശമായെന്ന് ഡോക്ടർമാർ ബന്ധുകളെ അറിയിച്ചിരുന്നു. ഇതിനിടെയാണ് തന്റെ അവസാന ആഗ്രഹം പൂനം ഉറ്റവരെ അറിയിച്ചത്. മകളുടെ വിവാഹം കൂടി കാണണം എന്നതായിരുന്നു ആ ആഗ്രഹം.
മാസങ്ങൾക്ക് മുമ്പു തന്നെ പൂനത്തിന്റെ മകൾ ചാന്ദ്നിയുടെ വിവാഹം സലീംപൂർ ഗ്രാമവാസിയായ സുമിത്ത് ഗൗരവുമായി നിശ്ചയിച്ചിരുന്നു. അമ്മയുടെ ആഗ്രഹമറിഞ്ഞ ചാന്ദ്നി ഈ വിവരം പ്രതിശ്രുത വരനെ അറിയിച്ചു. തുടർന്ന്, ഇരുകുടുംബങ്ങളും ചേർന്ന് ഐ സി യുവിൽ കിടക്കുന്ന അമ്മയുടെ മുന്നിൽവച്ച് വിവാഹം നടത്താൻ തീരുമാനിച്ചു.
വിവാഹ വസ്ത്രമണിഞ്ഞ് എത്തിയ ചാന്ദ്നിയും സുമിത്തും അമ്മയുടെ മുന്നിൽ വച്ച് വരണമാല്യം അണിഞ്ഞു. ഇരു കുടുംബങ്ങളിലെയും രണ്ട് അംഗങ്ങൾ ഈ മുഹൂർത്തത്തിന് സാക്ഷിയായി. വിവാഹം കഴിഞ്ഞ് അൽപ്പസമയത്തിനകം തന്നെ പൂനം കുമാരി മരണത്തിന് കീഴടങ്ങി.
मरती मां की ख्वाहिश देख ICU में हुई बेटी की शादी #Bihar #ICU pic.twitter.com/vpxDbcJbnr
— Aman Kumar Dube (@Aman_Journo) December 26, 2022